
മലപ്പുറം: 2015ൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ മിഥുനയ്ക്ക് പ്രായം 22. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന പദവി അന്ന് കൂടെ പോന്നു. രാഷ്ട്രീയ പാരമ്പര്യം ഒട്ടുമില്ലാത്ത കുടുംബത്തിൽ നിന്ന് അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. പട്ടികജാതി സംവരണ വാർഡായ കോഴിപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മിന്നും ജയം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാസംവരണമായതിനാൽ മിഥുന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യു.ഡി.എഫായിരുന്നു തട്ടകമെങ്കിൽ ഇന്ന് എൽ.ഡി.എഫിന്റെ വണ്ടൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥിയാണ് മിഥുന. പോരിനിറങ്ങുന്നത് ലീഗിനെയടക്കം വെല്ലുവിളിച്ചും.
മണ്ഡലം രൂപീകരിച്ച 1977 മുതൽ 2016 വരെയുള്ള കാലയളവിൽ സംവരണ മണ്ഡലമായ വണ്ടൂരിൽ ചെങ്കൊടി പാറിയത് ഒരുതവണ മാത്രം. 96ൽ സി.പി.എമ്മിലെ എൻ. കണ്ണന്റെ പടയോട്ടത്തിൽ അടിതെറ്റിയത് ഒന്നരപ്പതിറ്റാണ്ട് മണ്ഡലത്തിന്റെ സാരഥിയായിരുന്ന കോൺഗ്രസിലെ പന്തളം സുധാകരനും. 2001ൽ മണ്ഡലം തിരിച്ചുപിടിക്കാൻ നിയോഗിച്ച മുൻമന്ത്രി എ.പി. അനിൽകുമാറാണ് ഇന്നും മണ്ഡലത്തിന്റെ സാരഥി. മികച്ച സ്ഥാനാർത്ഥികളുടെ അഭാവത്തിൽ കാര്യമായ മത്സരം പോലും അരങ്ങേറാത്ത മണ്ഡലത്തിൽ 2016ൽ അനിൽകുമാറിന്റെ ഭൂരിപക്ഷം 23,864 വോട്ടാണ്. ലീഗിനെ വെള്ളംകുടിപ്പിച്ച മിഥുനയെ കളത്തിലിറക്കുമ്പോൾ സി.പി.എമ്മിന്റെ ലക്ഷ്യം 96ലെ അട്ടിമറി വിജയമാണ്. യുവത്വത്തിന്റെ പ്രസരിപ്പിൽ മണ്ഡലമാകെ ഓടിനടക്കുന്ന മിഥുനയ്ക്ക് ഓളമുണ്ടാക്കാനായിട്ടുണ്ട്.
എം.എ, ബി.എഡ് ബിരുദധാരിയും പള്ളിക്കൽ കോഴിപ്പുറത്തുകാരിയുമായ മിഥുന അവിവാഹിതയാണ്.
വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പറയുമ്പോൾ മിഥുനയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി. കോൺഗ്രസിന്റെ മലപ്പുറത്തെ മുഖമാണ് എ.പി. അനിൽകുമാർ. മണ്ഡലത്തിൽ സുപരിചിതനും. 30,000 വരെ ഭൂരിപക്ഷമുയർന്നിട്ടുണ്ട്.
വെള്ളം കുടിച്ചത് ലീഗ്
2015ലെ തദ്ദേശതിരഞ്ഞെടുപ്പിൽ പള്ളിക്കൽ പഞ്ചായത്തിൽ യു.ഡി.എഫിന് 11ഉും എൽ.ഡി.എഫിന് പത്തും സീറ്റുകളായിരുന്നു. ആദ്യത്തെ രണ്ട് വർഷം മിഥുനയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണസമിതി യാതൊരു പ്രശ്നവുമില്ലാതെ മുന്നോട്ടുപോയി. ഇതിനുശേഷം ലീഗിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് മിഥുന ഇടതുപക്ഷത്തോട് അനുഭാവം പുലർത്താൻ തുടങ്ങി. ലീഗിന്റെ വിലക്ക് മറികടന്ന് മന്ത്രി കെ.ടി. ജലീലിനൊപ്പം വേദി പങ്കിട്ടു. ബന്ധുനിയമനവിവാദത്തിൽ ലീഗ് ജലീലിനെ ബഹിഷ്‌കരിച്ചപ്പോഴായിരുന്നു ഇത്. ലീഗിൽ നിന്ന് സസ്‌പെന്റ് ചെയ്തതോടെ ഇടത് മെമ്പർമാരോടൊപ്പം മിഥുന പരസ്യമായി പ്രവർത്തിക്കാൻ തുടങ്ങി. ഭരണ സമിതിയുടെ പല തീരുമാനങ്ങളും നടപ്പാക്കാതിരുന്ന മിഥുന ഇടത് മെമ്പർമാരുടെ തീരുമാനങ്ങളെ കാസ്റ്റിംഗ് വോട്ടുപയോഗിച്ച് പിന്താങ്ങി. ഇടതുപക്ഷമാണ് ശരിപക്ഷമെന്ന തിരിച്ചറിവാണ് ലീഗ് വിടാൻ കാരണമെന്ന് മിഥുന പറയുന്നു.