
അരീക്കോട് : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ കോൺഗ്രസ് സഹായിച്ചത് നേതൃത്വത്തിന്റെ അനുമതിയോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ബി.ജെ.പിക്ക് വലിയ നേട്ടമായി. ബിജെ.പിയും കോൺഗ്രസും സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഒ.രാജഗോപാൽ തന്നെ സമ്മതിച്ചതാണ്. അങ്ങനെയാണ് മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾ ആവിയായത്. കോൺഗ്രസിന് ശക്തിയുണ്ടായിരുന്നിടത്തെല്ലാം ഇന്ന് ബി.ജെ.പിയാണ് ഭരിക്കുന്നത്. വർഗ്ഗീയതയുടെ ഭാഗമായി നിന്ന് മതനിരപേക്ഷതയെ സംരക്ഷിക്കാൻ ആകില്ലെന്ന് കോൺഗ്രസ് അനുഭവത്തിൽ നിന്ന് ഇതുവരെയും പഠിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അരീക്കോട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.