kkkk
പൊന്നാനിയില്‍ നടന്ന എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതു യോഗ വേദിയില്‍ പിണറായി വിജയനോട് സംഭാഷണത്തിലേര്‍പ്പെട്ട മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.നന്ദകുമാര്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.എം.സിദ്ദിഖ് എന്നിവര്‍

മലപ്പുറം: ഇടതുക്യാമ്പുകൾക്ക് ആവേശം വിതറി മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് ജില്ലയിൽ പര്യവസാനം. ബുധനാഴ്ച്ച വൈകിട്ടാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. വയനാട് ജില്ലയിലെ മാനന്തവാടിയിൽ തുടങ്ങി അരീക്കോടിലാണ് ആദ്യ ദിവസത്തെ പര്യടന പരിപാടി അവസാനിച്ചത്. തുടർന്ന് മഞ്ചേരിയിലായിരുന്നു മുഖ്യമന്ത്രിയുടെ താമസം. രാവിലെ 9.30ന് മഞ്ചേരി വി.പി.ഹാളിൽ ഒരുമണിക്കൂറോളം നീണ്ട വാർത്താസമ്മേളനം. ബി.ജെ.പി ബന്ധം, ശബരിമല അടക്കം യു.ഡി.എഫ് ഉയർത്തിയ ആക്ഷേപങ്ങൾക്ക് അക്കമിട്ട മറുപടി. തുടർന്ന് ആദ്യപ്രചാരണ സ്ഥലമായ കൊണ്ടോട്ടിയിലേക്ക്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ പ്രവർത്തകർ ഒഴുകിയെത്തിയിരുന്നു. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങിയതോടെ ബിജിഎമ്മിന്റെ അകമ്പടിയോടെ റെക്കോർഡ് ചെയ്ത മുഖ്യമന്ത്രിയുടെ മാസ് ഡയലോഗുകൾ.. വിരട്ടലും വിലപേശലുമൊന്നും ഈ പാർട്ടിയോട് വേണ്ട. പിന്നാലെ പ്രവർത്തകരുടെ ആവേശ മുദ്രാവാക്യങ്ങളും. ജയിലറ ഞെട്ടി വിറക്കട്ടെ, കൈയാമങ്ങൾ പൊട്ടട്ടെ, അടിമച്ചങ്ങല ഇളകട്ടെ.. മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നത് വരെ മുദ്രാവാക്യം വിളി നീണ്ടു. കൊണ്ടോട്ടിയിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി സുലൈമാൻ ഹാജിക്കൊപ്പം മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി വി.പി.സാനുവും വേദിയിലുണ്ടായിരുന്നു.

മുദ്രാവാക്യം വിളിക്കാരെ തിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കം. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വേദിയാണ്. ഇവിടെ മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ്. ഇടതുമുന്നണിയുടെ പൊതുമുദ്രാവാക്യങ്ങളാണ് ഇത്തരം ഘട്ടത്തിൽ നാം വിളിക്കേണ്ടത്. ചങ്ങല പൊട്ടിച്ചെറിയലും കാരാഗൃഹം തകർക്കലുമൊക്കെ നമുക്ക് വേറെ നടത്താം.. ചെറുപ്പക്കാർ അത് ശ്രദ്ധിക്കുന്നത് നല്ലതാവും. മുദ്രാവാക്യം വിളിയിലെ അമർഷം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. തുടർന്ന് സമകാലിക രാഷ്ട്രീയവും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും എണ്ണിപ്പറഞ്ഞ് അരമണിക്കൂറോളം നീണ്ട പ്രസംഗം. തുടർന്ന് ചേളാരിയിലേക്ക്.വലിയ ജനാവലിയായിരുന്നു അവിടെയും. വള്ളിക്കുന്നിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.പി.അബ്ദുൽ വഹാബ്, വേങ്ങരയിലെ സ്ഥാനാർത്ഥി പി.ജിജി, തിരൂരങ്ങാടിയിലെ നിയാസ് പുളിക്കലകത്ത് എന്നിവരെ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. ലീഗിന്റെ അധികാരക്കൊതിക്കെതിരെ മലപ്പുറം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സാനുവിന്റെ വിജയത്തിനായി ഒരുമിക്കണമെന്നും ആവശ്യപ്പെട്ടു.

ഉച്ചവിശ്രമ ശേഷം വൈകിട്ട് മൂന്നരയോടെ ജില്ലയിൽ വാശിയേറിയ മത്സരം അരങ്ങേറുന്ന താനൂരിലെത്തി. വേദിയിലുണ്ടായിരുന്ന വി.അബ്ദുറഹിമാന്റെ പുറത്തുതട്ടി നേതാക്കളെ അഭിവാദ്യം അർപ്പിച്ച് ഇരിപ്പിടത്തിലേക്ക്. കാലങ്ങളായി മണ്ഡലത്തിന്റെ വികസന മുരടിപ്പ് മാറ്റാൻ വിവിധ വികസന പദ്ധതികൾ നടപ്പാക്കിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് ജില്ലയിലെ അവസാന വേദിയായ പൊന്നാനിയിൽ എത്തിയപ്പോഴേക്കും ഇരുൾ പടരാൻ തുടങ്ങിയിരുന്നു. ലൈഫ് ഭവന പദ്ധതിയടക്കം സർക്കാരിന്റെ നേട്ടങ്ങളും കൊവിഡ് കാലത്തെ പ്രവർത്തനങ്ങളും ആരോഗ്യമേഖലയുടെ ഉണർവ്വും ഉയർത്തിക്കാട്ടി. തുടർന്ന് ഏലംകുളത്ത് ഇ.എം.എസ് സ്മാരക സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടെ ജില്ലയിലെ പരിപാടികൾക്ക് സമാപനമായി.