മലപ്പുറം: കോൺഗ്രസിൽ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായിരുന്ന നിലമ്പൂരിൽ ഐക്യം പുനഃസ്ഥാപിക്കാൻ തീവ്രശ്രമവുമായി കോൺഗ്രസ് നേതൃത്വം. സീറ്റിനായി ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശും കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്തും രംഗത്തെത്തിയതോടെ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ നിലമ്പൂർ ഉൾപ്പെട്ടിരുന്നില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന മാരത്തോൺ ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയുള്ള ഫോർമുലയിൽ വി.വി.പ്രകാശിന് നിലമ്പൂരിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. തർക്കം പരിഹരിച്ചതിന് തൊട്ടുപിന്നാലെ പത്രിക സമർപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം അതിവേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മുനിസിപ്പാലിറ്റി കൈവിട്ടെങ്കിലും നിയോജക മണ്ഡലത്തിൽ ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. കോൺഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന നിലമ്പൂരിൽ കഴിഞ്ഞ തവണ ആര്യാടൻ ഷൗക്കത്തിനെതിരെ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുസ്വതന്തനായ പി.വി.അൻവർ വിജയിച്ചത്. കോൺഗ്രസിനുള്ളിൽ ഐക്യം ശക്തിപ്പെട്ടാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വി.വി.പ്രകാശ് ആര്യാടൻ മുഹമ്മദിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. പൂർണ്ണപിന്തുണ അർപ്പിച്ചതിനൊപ്പം മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിക്കുമെന്നും വി.വി.പ്രകാശ് കഠിനാദ്ധ്വാനം ചെയ്യാൻ മനസ്സുള്ള സ്ഥാനാർത്ഥിയാണെന്നും ആയിരുന്നു ആര്യാടൻ മുഹമ്മദിന്റെ വാക്കുകൾ. അതേസമയം വി.വി.പ്രകാശിന്റെ സന്ദർശന സമയത്ത് ആര്യാടൻ ഷൗക്കത്ത് വീട്ടിലുണ്ടായിരുന്നില്ല. നിലമ്പൂരിലെ സംഘടനാതലത്തിൽ ആര്യാടൻ ഷൗക്കത്തിനുള്ള സ്വാധീനവും ഇരുവർക്കുമിടയിൽ ഐക്യം രൂപപ്പെട്ടില്ലെങ്കിലുള്ള വോട്ട് ചോർച്ചാ പേടിയും നേതൃത്വത്തിനുണ്ട്. ഇന്നലെ നിലമ്പൂരിൽ ചേർന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് ആര്യാടൻ മുഹമ്മദായിരുന്നു. ആര്യാടൻ ഷൗക്കത്തിന്റെയും യു.ഡി.എഫിലെ ഐക്യം വിളിച്ചോതി ലീഗ് നേതാക്കളുടെയും വലിയ സാന്നിദ്ധ്യമുണ്ടായി.
കോൺഗ്രസ് നിരന്തരം വിജയിച്ചുകൊണ്ടിരുന്ന മണ്ഡലം ഇപ്രാവശ്യം തിരിച്ചുപിടിക്കാനാവുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. 600 കോടി ചെലവഴിച്ചെന്നാണ് അൻവർ പറയുന്നത്. എവിടെയാണ് ചെലവഴിച്ചതെന്ന് കാണുന്നില്ല. തന്റെ കാലത്തെ പദ്ധതികളല്ലാതെ മറ്റൊന്നും കൊണ്ടുവന്നിട്ടില്ല. കരിമ്പുഴ വന്യജീവി സങ്കേതം കൊണ്ടുവന്നത് മാത്രമാണ് ഇടതിന്റെ നേട്ടം. വന്യമൃഗങ്ങൾക്കല്ലാതെ മനുഷ്യനും കൃഷിക്കും സംരക്ഷണമില്ലാത്ത നാടാക്കി മാറ്റിയെന്നും ആര്യാടൻ പറഞ്ഞു. തുടർന്ന് സംസാരിച്ച ഏറനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ബഷീർ എം.എൽ.എ ഐക്യം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും വലിയ കഴിവുള്ള നേതാവാണെന്നും എല്ലാവരും ഒരുമിച്ച് നിന്നാൽ നിലമ്പൂരിൽ മികച്ച വിജയമുണ്ടാവുമെന്നും ബഷീർ പറഞ്ഞു.
പിന്നിൽ നിന്ന് കുത്തില്ല: ആര്യാടൻ ഷൗക്കത്ത്
അൻവറിന്റെ പല ചെയ്തികളും തുറന്നുകാണിച്ചപ്പോൾ കോൺഗ്രസിന്റെ നേതൃനിരയിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇനിയെങ്കിലും അൻവറിനെ ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കാൻ തയ്യാറായിട്ടില്ലെങ്കിൽ നിലമ്പൂർ വീണ്ടും കൈവിടും. നിലമ്പൂരിന് കഴിഞ്ഞ അഞ്ചുവർഷം വികസന മുരടിപ്പായിരുന്നു. ഇനിയത് ആവർത്തിക്കരുത്. 2016ൽ പലരും പറയുന്നു നമ്മുക്ക് കൈപ്പിഴ പറ്റിയെന്ന്. 11,000ത്തോളം വോട്ടിന്റേത് കൈപ്പിഴയല്ല, വലിയ അബദ്ധമാണ്. ഇനിയത് ആവർത്തിക്കരുത്. കൈപ്പിഴ പറ്റിയതിന് ഉത്തരവാദികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ ഒരുപരാതി പറയാൻ പോലും താൻ സമയം കണ്ടെത്തിയിട്ടില്ല. ആരുടെ മുമ്പിലും അപ്രിയമാണെങ്കിലും അതു തുറന്നുപറയുന്ന ജനിതക ഘടനയാണ് എനിക്ക് കിട്ടിയത്. ആരെങ്കിലും പിന്നിൽ നിന്ന് കുത്തിയാൽ അതിന് തന്നെ കിട്ടില്ലെന്ന് ഉറപ്പേകുന്നു. നിലമ്പൂർ തിരിച്ചുപിടിച്ച് മുന്നോട്ടുപോവണം. ഇപ്രാവശ്യം പ്രകാശ് മത്സരിക്കട്ടെ, പാർട്ടി പദവി സ്വീകരിക്കൂ എന്നാണ് നേതൃത്വം തന്നോട് പറഞ്ഞത്. വലിയ അവസരങ്ങൾ നൽകിയ പാർട്ടിക്കൊപ്പം താനുണ്ടാവും. വാഗ്ദാനം ചെയ്ത പദവി തന്നാലും ഇല്ലെങ്കിലും പാർട്ടിക്കൊപ്പം നിൽക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.