aligarh

ഏറെ കൊട്ടിയാഘോഷിച്ചും പ്രതീക്ഷകൾ നൽകിയും പെരിന്തൽമണ്ണ ചേലാമലയിൽ തുടങ്ങിയ അലിഗഡ് സർവകലാശാലയുടെ വികസനം ദശവാർഷിക നിറവിലും പാതിവഴിയിൽ. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ടാണ് അലിഗഡ് സർവകലാശാല വിവിധ സംസ്ഥാനങ്ങളിൽ ഓഫ് ക്യാമ്പസ് തുടങ്ങിയത്. യു.പി.എ സർക്കാർ ഇതിന് പച്ചക്കൊടി വീശി. 2011 ഫെബ്രുവരി 28ന് ചേലാമലയിൽ സംസ്ഥാന സർക്കാർ നൽകിയ 343 ഏക്കർ ഭൂമിയിൽ താത്‌കാലിക കെട്ടിടങ്ങൾ നിർമ്മിച്ച് മൂന്ന് കോഴ്സുകളുമായി ഓഫ് ക്യാമ്പസിന്റെ പ്രവർത്തനം തുടങ്ങി. 2018 ൽ മുപ്പത് പഠന വിഭാഗങ്ങളും 20,000 വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള രൂപരേഖയായിരുന്നു അന്ന് അവതരിപ്പിച്ചത്. എന്നാൽ നിലവിൽ മൂന്ന് കോഴ്സുകളും 400 വിദ്യാർത്ഥികളും മാത്രമാണ് ഇവിടെയുള്ളത്. ബി.എ എൽ.എൽ.ബി, എം.ബി.എ, ബി.എഡ് കോഴ്സുകളിലാണിത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ നൽകാൻ സാധിക്കുമായിരുന്ന ക്യാമ്പസാണ് യഥാവിധി പ്രയോജനപ്പെടാതെ പോവുന്നത്. അലിഗഡ് സർവകലാശാല ക്യാമ്പസ് മലപ്പുറത്ത് സ്ഥാപിക്കാനായത് വലിയ രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാട്ടിയവർ പോലും ക്യാമ്പസിനെ മറന്ന മട്ടാണ്.

ചോദിച്ചത് 12,​00 കോടി,​

കിട്ടിയത് 60ഉം

അലിഗഡ് മലപ്പുറം സെന്ററിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 1,200 കോടിയുടെ പദ്ധതിയാണ് യു.പി.എ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിരുന്നത്. 2020ൽ സ്വതന്ത്ര സർവകലാശാലയാകുമെന്നും വിലയിരുത്തിയിരുന്നു. എന്നാൽ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ വേണ്ടത്ര താത്പര്യം കാണിച്ചില്ല. സർവകലാശാല അധികൃതർ സമർപ്പിച്ച പദ്ധതികൾ പലവട്ടം ഭേദഗതി വരുത്തേണ്ടി വന്നു. ഫണ്ട് വെട്ടിക്കുറച്ച് അവസാനം 104 കോടിയുടെ പദ്ധതിക്കാണ് അനുമതിയേകിയത്. പത്തുവർഷം പിന്നിടുമ്പോഴും ഇതിൽ കിട്ടിയത് 60 കോടി രൂപ മാത്രം. നിയമ വിഭാഗത്തിന് ഒഴികെ മറ്റ് കോഴ്സുകൾക്ക് സ്ഥിരം കെട്ടിടം നിർമ്മിക്കാനായിട്ടില്ല. ഇപ്പോഴും താത്‌കാലിക കെട്ടിടത്തിന്റെ അസൗകര്യങ്ങളിൽ കുരുങ്ങിയാണ് പാഠ്യപ്രവർത്തനങ്ങൾ മുന്നോട്ടുപോവുന്നത്.

മലപ്പുറം സെന്ററിന് വേണ്ടി തുടക്കത്തിൽ അനുവദിച്ച ഫണ്ടിൽ 45 കോടി രൂപ ഇനിയും കിട്ടാനുണ്ട്. ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് എം.പിമാരുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഫണ്ട് വിനിയോഗിച്ചതിന്റെ സാക്ഷ്യപത്രം സർവകലാശാല നൽകിയിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. മാനവ വിഭവശേഷി വകുപ്പിനും യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷനും യഥാസമയം റിപ്പോർട്ടുകൾ സമർപ്പിച്ചെന്നാണ് സർവകലാശാല അധികൃതർ അവകാശപ്പെടുന്നത്. എം.എച്ച്.ആർ.ഡി വകുപ്പ് ഹയർ എജ്യുക്കേഷൻ ഫണ്ടിംഗ് ഏജൻസി വഴി ഫണ്ട് അനുവദിക്കുന്നുണ്ടെന്നും ഇതിന് ശ്രമിക്കാനുമാണ് സർവകലാശാല അധികൃതർക്ക് ഒടുവിൽ യു.ജി.സി നൽകിയ നിർദ്ദേശം. ഇങ്ങനെ ലഭിക്കുന്ന ഫണ്ടിൽ ഒരുവിഹിതം തിരിച്ചടക്കേണ്ടി വരുമെന്നതിനാൽ ഈ നീക്കത്തോട് സർവകലാശാലയ്ക്കും വേണ്ടത്ര താത്പര്യമില്ല. പുതിയ നിബന്ധനകൾക്ക് ശേഷവും എം.എച്ച്.ആർ.ഡി നേരിട്ട് 13 കേന്ദ്ര സർവകലാശാലകൾക്ക് 3,600 കോടിയോളം രൂപ അനുവദിച്ചിരുന്നു. ഇത്തരത്തിൽ അലിഗഡ് മലപ്പുറം ക്യാമ്പസിനും ഫണ്ട് നൽകണമെന്നാണ് സർവകലാശാലയുടെ ആവശ്യം. ഇതു സംബന്ധിച്ച് ജനപ്രതിനിധികൾ മുഖേനെ നിവേദനം നൽകി കാത്തിരിക്കുകയാണ് സർവകലാശാല അധികൃതർ. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ കേന്ദ്ര മാനവവിഭവശേഷി വകുപ്പുമായി ഫണ്ട് ലഭ്യമാക്കുന്നത് ചർച്ച ചെയ്തിരുന്നു. ക്യാമ്പസിന്റെ വികസനത്തിന് കേന്ദ്രം പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജലീൽ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

വേണം മാറ്റം
അലിഗഡിന്റെ പ്രവേശന ചട്ടങ്ങൾ മലയാളി കുട്ടികൾക്ക് തിരിച്ചടിയായിരുന്നു. 50 ശതമാനം ആഭ്യന്തര സംവരണമാണ്. അലിഗഡ് സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂളുകളിലെ കുട്ടികൾക്ക് പകുതി സീറ്റുകൾ മാറ്റിവയ്ക്കണം. 30 ശതമാനമാണ് മാത്രമാണ് ഓപ്പൺ മെറിറ്റ്. താരതമ്യേന കുറഞ്ഞ ഫീസാണ് അലിഗഡിൽ ഈടാക്കുന്നത്. സംവരണ മാനദണ്ഡങ്ങൾ മലയാളി കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നതിൽ തടസം സൃഷ്ടിക്കുന്നെന്ന ആക്ഷേപം ഓഫ് ക്യാമ്പസിന്റെ തുടക്കം മുതൽ ഉയർന്നിരുന്നു.