albi
അലവി ഹാജി

തിരൂരങ്ങാടി: 1950കളിൽ കുത്തിയൊഴുകുന്ന വെഞ്ചാലി വയലിലൂടെ തോണിയിൽ ചെറുമുക്കിൽ നിന്നും തിരുരങ്ങാടിയിലേക്ക് വോട്ട് ചെയ്യാൻ പോയതിന്റെ ഓർമ്മകളിലാണ് ചെറുമുക്ക് വെസ്റ്റിലെ 92 കാരനായ പച്ചായി അലവി ഹാജി. മഴക്കാലത്ത് വെഞ്ചാലി വയലിൽ രണ്ടാൾ പൊക്കത്തിലേറെ വെള്ളമുണ്ടാവും.ഇതല്ലെങ്കിൽ വയലോരത്ത് കൂടി നടന്നുപോവാനാവും. മഴക്കാലത്ത് തിരൂരങ്ങാടിയിലെ പോളിംഗ് ബൂത്തിലേക്കുള്ള യാത്ര പ്രയാസം നിറഞ്ഞതായതിനാൽ തിരഞ്ഞെടുപ്പിന്റെ ആവേശമുള്ളവർ മാത്രമാണ് ബൂത്തിലെത്തുക. ചെറുമുക്കിൽ നിന്ന് അമ്പതോളം പേരാണ് വോട്ടിംഗിന് പോവാറുള്ളത്. സ്ത്രീകൾ വോട്ട് ചെയ്യാൻ വരാറില്ല. പതിനെട്ടാം വയസ്സിൽ തന്നെ കന്നിവോട്ട് ചെയ്യാൻ അലവി ഹാജിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇതുവരെ ഒരുവോട്ട് പോലും മുടക്കിയിട്ടില്ല. ഇത്തവണയും വോട്ട് ചെയ്യാനായി കാത്തിരിക്കുകയാണ് അദ്ദേഹം.

വെഞ്ചാലി വയലിലൂടെ അര കിലോമീറ്റർ തോണിയിൽ സഞ്ചരിച്ച് തിരൂരങ്ങാടി കടവിലിറങ്ങി അവിടെ നിന്ന് നടന്നു വേണം ബൂത്തായ ഓറിയന്റർ ഹൈസ്‌കൂളിലെത്താൻ. നാട്ടുകാരുടെ പ്രയാസം മനസ്സിലാക്കി വർഷങ്ങൾക്ക് ശേഷമാണ് ചെറുമുക്കിൽ ബൂത്ത് അനുവദിച്ചത്. ചെമ്മാട്, കൊടിഞ്ഞി, കുണ്ടൂർ, ചെറുമുക്ക്, തിരൂരങ്ങാടി പ്രദേശത്തുകാർക്ക് തിരൂരങ്ങാടിയിൽ ഒരു ബൂത്ത് മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ ചെറുമുക്കിൽ മാത്രം നാല് ബൂത്തുകളുണ്ട്.

ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെയും പാർട്ടിയുടെയും പേരും ചിഹ്നവുമുണ്ടാവും. വോട്ട് ചെയ്യാൻ ബാലറ്റ് പേപ്പറും പതിക്കാൻ ഒരു സീലും ഉദ്യോഗസ്ഥർ തരും. വോട്ട് ചെയ്തശേഷം ബാലറ്റ് പേപ്പർ പെട്ടിയിൽ നിക്ഷേപിച്ച് മടങ്ങും. വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തി ഉദ്യോഗസ്ഥർ മുന്നിൽ സ്ഥലവും പേരും പറഞ്ഞാൽ മതി വോട്ട് ചെയ്യാനുള്ള സ്ലിപ്പ് കിട്ടും. ഇന്നത്തെ പോലെ ഇലക്ട്രോണിക് ഉപകരണങ്ങളോ തിരിച്ചറിയൽ രേഖയോ ഉണ്ടായിരുന്നില്ലെന്ന് അലവി ഹാജി പറയുന്നു.