
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ ഉപതിരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രശ്ന ബാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തും. ജില്ലയിൽ 2,100 ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കുന്നത്. ഇതിൽ 238 ബൂത്തുകളാണ് പ്രശ്നബാധിതാ ബൂത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 70 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന് നെറ്റ് വർക്ക് സൗകര്യം ഇല്ലാത്തതിനാൽ ഇവിടങ്ങളിൽ വീഡിയോഗ്രാഫി സൗകര്യം ഏർപ്പെടുത്തും. വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുന്ന 2,100 പോളിംഗ് ബൂത്തുകളിൽ നിന്നുളള വോട്ടെടുപ്പ് നടപടിക്രമങ്ങൾ തത്സമയം ജില്ലാ പഞ്ചായത്ത് ഹാളിൽ ക്രമീകരിച്ചിട്ടുള്ള ഇലക്ഷൻ കൺട്രോൾ റൂമിൽ വീക്ഷിക്കാൻ സാധിക്കും. 238 പ്രശ്നബാധിത ബൂത്തുകളിൽ 149 പോളിംഗ് ബൂത്തുകൾ ക്രിട്ടിക്കൽ ബൂത്തുകളും 80 ബൂത്തുകൾ എൽ.ഡബ്ല്യു.ഇ ബൂത്തുകളും ഒമ്പത് പോളിംഗ് ബൂത്തുകൾ വൾനറബിൾ വിഭാഗത്തിലും ഉൾപ്പെടുന്ന ബൂത്തുകളുമാണ്. കേരള ഐ.ടി മിഷൻ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കെൽട്രോൺ സോഫ്റ്റ്‌വെയറും ബി.എസ്.എൻ.എൽ നെറ്റുവർക്കും ഉപയോഗിച്ചാണ് വെബ്കാസ്റ്റിംഗ് സൗകര്യം സജ്ജമാക്കുന്നത്. വോട്ടെടുപ്പിന്റെ തലേദിവസം ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്, വീഡിയോഗ്രാഫി സൗകര്യങ്ങൾ സജ്ജമാക്കുമെന്ന് വെബ്കാസ്റ്റിംഗ് നോഡൽ ഓഫീസർ പി.ജി. ഗോകുൽ അറിയിച്ചു.