
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല അറബിക് കോളേജുകൾ നിറുത്തലാക്കുന്നുവെന്ന വിവാദത്തിൽ പരിഹാരത്തിനായി ഒന്നിച്ച് നീങ്ങാൻ സിൻഡിക്കേറ്റ് തീരുമാനം. 2014 ലെ സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിന് മുൻകാല പ്രാബല്യം ലഭിക്കുന്നതിന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സർവ്വകലാശാല ചാൻസലറായ ഗവർണറെ സമീപിക്കാനാണ് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
2013-14 കാലത്ത് യു.ഡി.എഫ്. സർക്കാരിന്റെ കാലത്തായിരുന്നു ന്യൂ ജൻ കോഴ്സുകൾ അറബിക് കോളേജുകൾക്കും അനുവദിച്ചിരുന്നത്. നിയമപ്രകാരം ഓറിയന്റൽ കോളേജുകൾക്ക് മൂന്നേക്കർ സ്ഥലം മതി. മറ്റുള്ളവയ്ക്ക് അഞ്ചേക്കറും. പുതിയ കോഴ്സുകൾ അനുവദിച്ചപ്പോൾ ഈ നിയമത്തിൽ ഭേദഗതി വരുത്തിയില്ല. ഇത് നിയമാനുസൃതമാക്കാൻ അന്നത്തെ സിൻഡിക്കേറ്റിനും സെനറ്റിനും കഴിഞ്ഞതുമില്ല. പിന്നീട് മുൻകാല പ്രാബല്യത്തോടെയുള്ള ഭേദഗതിക്ക് 2015 മാർച്ച് ആറിന് ചാൻസലർക്ക് അപേക്ഷനൽകി. ഇതു തള്ളി പുതിയ അപേക്ഷ സമർപ്പിക്കാൻ ചാൻസലർ ആവശ്യപ്പെട്ടതാണ് ഇപ്പോൾ വിവാദമായത്.
മുൻകാല പ്രാബല്യത്തോടെയുള്ള ഭേദഗതിക്ക് അന്നത്തെ സിൻഡിക്കേറ്റും സെനറ്റും നേരത്തെ തീരുമാനിച്ചത് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടി കാട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച രേഖകൾ സഹിതം ഗവർണർക്ക് വീണ്ടും അപേക്ഷ നൽകാനും സർക്കാരിനെയും
ചാൻസലറെയും കാര്യങ്ങൾ ബോദ്ധ്യയപ്പെടുത്താനുമാണ് ഇന്നലെ ചേർന്ന സിൻഡിക്കേറ്റിലെ തീരുമാനം.
അതെ സമയം അന്നത്തെ സിൻഡിക്കേറ്റും സെനറ്റും തീരുമാനിച്ച കാര്യം അംഗീകാരത്തിനായി ചാൻസലർക്ക് അപേക്ഷ നൽകിയപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാമർശിക്കാത്തത് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.