പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിലെ പൂരം പുറപ്പാട് ഭക്തി സാന്ദ്രമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉത്സവമെങ്കിലും ആയിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തി. സാധാരണ പൂരത്തെ അപേക്ഷിച്ച് ആനയുടെ എണ്ണത്തിൽ മാത്രമാണ് കുറവുണ്ടായത്. രാവിലെ എട്ടിന് നങ്ങ്യാർകൂത്തോടെ പൂരച്ചടങ്ങുകൾക്ക് തുടക്കമായി. 8.30ന് കൂത്ത് പുറപ്പാട് തുടങ്ങി. രാവിലെ പത്തിന് ആദ്യ ആറാട്ടെഴുന്നള്ളിപ്പായ പൂരം പുറപ്പാടിനായി കൊട്ടിയിറങ്ങി. 11ന് ആറാട്ട് കഴിഞ്ഞ് പൂരം കൊട്ടിക്കയറി. കല്ലൂർ ഉണ്ണിക്കൃഷ്ണന്റെ പ്രമാണത്തിൽ പഞ്ചാരിമേളവും അരങ്ങേറി. രാത്രിയിൽ ആറാട്ടിന് ശേഷം കടവിൽ തായമ്പക അരങ്ങേറി.
മൂന്നാം പൂരമായ 23നാണ് പൂരം കൊടിയേറ്റം. നാലാംപൂരത്തിന് പൂരം മുളയിടൽ, ഏഴാംപൂരത്തിന് ഭഗവതിക്ക് ഉത്സവബലി, എട്ടാം പൂരത്തിന് 28ന് ഭഗവതിക്കും ഭഗവാനും ഒന്നിച്ച് ആറാട്ടെഴുന്നള്ളിപ്പ്, പത്താംപൂരത്തിന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 11ാം പൂരത്തിന് കാഴ്ചശീവേലി എന്നിവയാണ് വിശേഷാൽ പൂരച്ചടങ്ങുകൾ.
പൂരം ദിവസങ്ങളിൽ നിത്യേന രാവിലെ ഏഴിനും സന്ധ്യയ്ക്ക് 5.30നും ക്ഷേത്രാങ്കണത്തിൽ സംഗീത നൃത്ത പരിപാടികൾ ഉണ്ടായിരിക്കും. വൈകുന്നേരം 3.30ന് ചാക്യാർകൂത്ത്, നാലിന് ഓട്ടൻതുള്ളൽ, നാഗസ്വരം, പാഠകം, തായമ്പക, കേളി എന്നീ അനുഷ്ഠാനകലകളും അരങ്ങേറും