
മലപ്പുറം: ആറ് മാസങ്ങൾക്ക് ശേഷം പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ജില്ലയിൽ 100ൽ താഴെയെത്തി. തിങ്കളാഴ്ച്ച 81 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2020 സെപ്തംബർ മൂന്നിന് 91 പേർക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ൽ താഴെയെത്തുന്നത് ഇതാദ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന പറഞ്ഞു. 2020 ഒക്ടോബർ 10നാണ് ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവുമുയർന്ന വർദ്ധന രേഖപ്പെടുത്തിയത്. അന്ന് 1,632 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളും പൊതുജനങ്ങളും കൂട്ടായി നടത്തിയ പ്രവർത്തനത്തിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനായി. ഇതിനൊപ്പം രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നതും ആശ്വാസമാകുകയാണ്. ജില്ലയിൽ തിങ്കളാഴ്ച്ച 154 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,19,652 ആയി.
തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചവരിൽ 80 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഒരാൾക്കും രോഗം ബാധിച്ചു. 16,614 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 1,623 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 105 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 42 പേരും ആറ് പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 598 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.
കൂട്ടായ പരിശ്രമത്തിന്റെ വിജയം: ജില്ലാ കളക്ടർ
കൊവിഡ് വ്യാപനം തടയുന്നതിൽ ജില്ലാ കൈവരിച്ച നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ. വൈറസ് വ്യാപനം തടയുന്നതിനായി അക്ഷീണം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരേയും ഇതര വകുപ്പ് ജീവനക്കാരേയും സന്നദ്ധ പ്രവർത്തകരേയും ജില്ലാ കളക്ടർ അനുമോദിച്ചു.
വാക്സിനെടുക്കാൻ വിപുലമായ സൗകര്യങ്ങൾ
കൊവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന് ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജ്, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾ, ജില്ലയിലെ മുഴുവൻ താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗജന്യ വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ജില്ലയിൽ തിരഞ്ഞെടുത്ത 24 സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യമുണ്ടായിരിക്കും. ഇതിനു പുറമെ മഞ്ചേരി നഗരസഭ ടൗൺഹാൾ, പെരിന്തൽമണ്ണ പഞ്ചമി സ്‌കൂൾ എന്നിവിടങ്ങളിൽ മുഴുവൻ ദിവസങ്ങളിലും മെഗാ കുത്തിവെപ്പ് ക്യാമ്പും നടക്കും.
60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 മുതൽ 59 വയസ് വരെയുള്ള ഇതര രോഗബാധിതർക്കുമാണ് നിലവിൽ കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നടക്കുന്നത്. ഇതിനായൊരുക്കിയ സൗകര്യങ്ങൾ ഈ വിഭാഗങ്ങളിൽ ഉൾപെട്ടവർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.