sharan

പൊന്നാനി: ഒരു പാതിരാ സ്വപ്നം പോലെയാണ് ഷരൺ വേണുഗോപാലിന്റെ ജീവിതത്തിൽ സിനിമ കടന്നുവന്നത്. ഇപ്പോഴിതാ ദേശീയ പുരസ്‌കാരം തേടിയെത്തിയതും അങ്ങനെ തന്നെ. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ കുടുംബ മൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഷരൺ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്നം പോലെയെന്ന ഹ്രസ്വ ചിത്രത്തിന് ലഭിച്ചപ്പോൾ അത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത അവസ്ഥയിലാണ് ഈ നവാഗത സിനിമാക്കാരൻ. പൊന്നാനിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഒരു പാതിരാ സ്വപ്നം പോലെ പ്രദർശിപ്പിച്ചു കഴിഞ്ഞ ഉടനെയാണ് ഡൽഹിയിൽ നിന്ന് അവാർഡ് വിവരമെത്തിയത്. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെയും അവരിലെ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. നദിയ മൊയ്തുവും ഗാർഖി ആനന്ദുമാണ് അമ്മയും മകളുമായി വേഷമിട്ടത്.

കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കെ 2019ലാണ് ഡിപ്ലോമ ഫിലിമായി ഈ സിനിമ ചെയ്യുന്നത്. സുസ്‌മേഷ് ചന്ത്രോത്തിന്റെ വൈഭവം എന്ന ചെറുകഥയാണ് സിനിമയ്ക്ക് പ്രചോദനമായത്. കഥയും തിരക്കഥയും ഷരൺ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 35 മിനുട്ടുള്ള ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാൻ ഏഴ് മാസമെടുത്തു. നേരത്തെ സോപാനം എന്ന ഹ്രസ്വചിത്രം പഠനപ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ചിരുന്നു. ബാബു നമ്പൂതിരിയായിരുന്നു കേന്ദ്ര കഥാപാത്രം. മുംബയ്, കൊൽക്കത്ത എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ജർമ്മനിയിലും ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു.

പുതിയൊരു ഫീച്ചർ ഫിലിമിന്റെ അണിയറയിലാണ്. തിരക്കഥ പൂർത്തിയായിട്ടുണ്ട്. സിനിമാമോഹവുമായി കൊൽക്കത്തയിലേക്ക് വണ്ടി കയറിയത് ജീവിതം പറയുന്ന നല്ല സിനിമകൾ ഉണ്ടാകണമെന്ന മോഹത്തിൽ നിന്നാണെന്ന് ഷരൺ പറഞ്ഞു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയും ബാങ്ക് ജീവനക്കാരായ വേണുഗോപാലിന്റെയും ഉഷയുടെയും മകനുമാണ്.