election

മലപ്പുറം: ജില്ലയിൽ 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും മലപ്പുറം ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി. സൂക്ഷ്മ പരിശോധനക്ക് ശേഷം പത്രികകൾ പിൻവലിക്കാനുള്ള സമയപരിധിയും പൂർത്തിയായതോടെയാണിത്. മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആരും പത്രികകൾ പിൻവലിച്ചിട്ടില്ല. 16 നിയമസഭാ മണ്ഡലങ്ങളിൽ 111 പേരാണ് ജനവിധി തേടുന്നത്. താനൂർ, തിരൂർ, തവനൂർ മണ്ഡലങ്ങളിൽ 10 വീതം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പെരിന്തൽമണ്ണ, വേങ്ങര, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിൽ എട്ട് വീതം സ്ഥാനാർത്ഥികളും കൊണ്ടോട്ടി, മങ്കട, പൊന്നാനി എന്നിവിടങ്ങളിൽ ഏഴ് വീതം സ്ഥാനാർത്ഥികളും നിലമ്പൂർ, മലപ്പുറം മണ്ഡലങ്ങളിൽ ആറുപേർ വീതവുമാണ് മത്സര രംഗത്തുള്ളത്. ഏറനാട് അഞ്ച് സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. വണ്ടൂർ, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ നാല് പേർ വീതവുമാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്.

പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം 28 പേരാണ് മത്സര രംഗത്ത് നിന്ന് പിന്മാറിയത്. വള്ളിക്കുന്ന് മണ്ഡലത്തിൽ അഞ്ച് പേരും കൊണ്ടോട്ടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ മൂന്ന് പേർ വീതവും പത്രികകൾ പിൻവലിച്ചു. ഏറനാട്, നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, തവനൂർ എന്നീ മണ്ഡലങ്ങളിൽ രണ്ട് പേർ വീതവും വണ്ടൂർ, വേങ്ങര, തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർഥികളും പത്രികകൾ പിൻവലിച്ച് മത്സര രംഗത്ത് നിന്ന് പിന്മാറി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ആരും പത്രികകൾ പിൻവലിച്ചില്ല.