
മലപ്പുറം: വേങ്ങര മണ്ഡലത്തിൽ നിന്ന് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച അഡ്വ. സാദിഖ് നടുത്തൊടി പിൻമാറുമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വതന്ത്രനായി മത്സരിക്കുന്ന കെ.പി.സബാഹിന്റെ വിജയം ഉറപ്പിക്കാനാണ് പിന്മാറുന്നത് . സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമ്പോൾ തന്നെ പൊതുസ്ഥാനാർത്ഥി വന്നാൽ പിന്മാറുമെന്ന നിലപാട് പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. വേങ്ങരയിൽ കുഞ്ഞാലികുട്ടി വീണ്ടും മത്സരിക്കുന്നതിൽ അതൃപ്തിയുള്ള യു.ഡി.എഫ് പ്രവർത്തകരും ലീഗ് നേതാവിനെതിരെ ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധമുള്ള എൽ.ഡി.എഫുകാരും നാട്ടിലെ നിഷ്പക്ഷ ചിന്താഗതിക്കാരും സബാഹിനെ പിന്തുണക്കുമെന്നാണ് കരുതുന്നത്. വേങ്ങരയിൽ സ്ഥിരമായ ജനപ്രതിനിധിയുണ്ടാകുന്നതിനും വികസനത്തിനും സബാഹിനെ പോലെ ഒരാൾ വിജയിച്ചു വരേണ്ടതാണെന്നും എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു.