ccc

മലപ്പുറം: അഞ്ച് വർഷത്തിനിടെ നാല് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നെന്ന ലോക റെക്കാഡ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് സ്വന്തമാണെന്ന് മലപ്പുറം ലോ‌ക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി വി.പി.സാനു പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ സഭാങ്കം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ൽ നിയമസഭ തിരഞ്ഞെടുപ്പ്, 2017ലും19ലും ലോക്‌സഭ തിരഞ്ഞെടുപ്പ്, 2021ൽ വീണ്ടും നിയമസഭ.... ഇങ്ങനെ ചെറിയ കാലയളവിൽ ഇത്രയധികം തവണ മത്സരിച്ച ഒരാൾ ഒരുപക്ഷേ, ലോകചരിത്രത്തിൽ തന്നെ വേറെയുണ്ടാവില്ല. താൻ വിജയിച്ചാൽ 2024 വരെ ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ഉറപ്പേകാനാവും, കേന്ദ്രത്തിന്റെ കരിനിയമങ്ങളെ എതിർക്കാൻ പാർലമെന്റിൽ അതിശക്തമായി രംഗത്തുണ്ടാവും. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുന്ന നിയമങ്ങൾ നടപ്പാക്കുമ്പോൾ പാർലമെന്റിൽ അതിശക്തമായി എതിർക്കേണ്ടവർ രാജിവച്ച് ഒളിച്ചോടി. സി.എ.എ, ഏക സിവിൽ കോഡ് എന്നിവ വാക്സിനേഷന് ശേഷം നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ ഇതിനെതിരെ ഒരുശബ്ദം പോലും മുസ്‌ലിം ലീഗ് ഉയർത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞത്. അധികാരം മാത്രം ലക്ഷ്യമിടുന്നവർ വീണ്ടും വിജയിച്ചാൽ അത് മലപ്പുറത്തിന്റെ ആത്മാഭിമാനത്തിന് ഏൽക്കുന്ന മുറിവാകും. ആത്മാഭിമാനം കാത്തു സൂക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പായാണ് ജനങ്ങൾ ഇതിനെ കാണുന്നതെന്നാണ് പ്രചാരണത്തിനിടെ ലഭിച്ച പ്രതികരണങ്ങളിലൂടെ മനസ്സിലായത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വലിയ ജനരോഷമുണ്ട്. ലീഗിലെ വലിയൊരു വിഭാഗം ആളുകൾക്കും സമാനമായ വികാരമാണ്. ഇത് വോട്ടായി മാറും. പ്രാദേശിക നേതാക്കളുടെ കത്തുംവാങ്ങി ചെന്നാൽ പോലും കാണാൻ പറ്റാത്ത സ്ഥിതി തന്റെ കാര്യത്തിലുണ്ടാവില്ല. ഏതൊരാൾക്കും തന്റെയടുത്ത് എത്താൽ യാതൊരു പ്രയാസവുമുണ്ടാവില്ല. പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. കഴിഞ്ഞ അഞ്ച് വർഷം താൻ ചെയ്ത പ്രവർത്തനങ്ങളും എം.പിയുടെ പ്രവർത്തനങ്ങളും ജനം വിലയിരുത്തിയിട്ടുണ്ടെന്നും വി.പി.സാനു പറഞ്ഞു.