gggg

താനൂർ: മീനച്ചൂടിനെ കവച്ചുവയ്ക്കും താനൂരിലെ പ്രചാരണച്ചൂട്. ജില്ലയിൽ ഇഞ്ചോടിഞ്ച് മത്സരം അരങ്ങേറുന്ന മണ്ഡലമെന്നത് അന്വർത്ഥമാക്കി പ്രചാരണം കൊടുമ്പിരി കൊള്ളുകയാണ്. ലീഗിന്റെ കോട്ടയായിരുന്ന താനൂരിൽ 2016ൽ 4,918 വോട്ടിനാണ് ഇടതുസ്വതന്ത്രനായ വി.അബ്ദുറഹ്മാൻ അട്ടിമറി വിജയം നേടിയത്. മണ്ഡലം തിരിച്ചുപിടിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ രംഗത്തിറക്കിയതോടെ പ്രചാരണത്തിൽ പതിവില്ലാത്ത ആവേശവും ഓളവും പ്രകടം. ഇതിനകം തന്നെ മണ്ഡ‌ലത്തിലെ പ്രധാന ഇടങ്ങളിലെല്ലാം ഇരുസ്ഥാനാർത്ഥികളും വോട്ടഭ്യർത്ഥന പൂർത്തിയാക്കി. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇരുകൂട്ടരും കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന കാഴ്ച്ചയാണ്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഉച്ച സമയങ്ങളിൽ പ്രചാരണത്തിന് ഇടവേള നൽകുമ്പോൾ ഭക്ഷണം കഴിക്കാനും മറ്റും പരമാവധി ഒരുമണിക്കൂ‌ർ ചെലവഴിക്കുന്ന രീതിയാണ് ഇരുസ്ഥാനാർത്ഥികളും തുടരുന്നത്. എതിരാളി ഓരോയിടത്തും ഓടിയെത്തുമ്പോൾ ഉയരുന്നത് നെഞ്ചിടിപ്പാണ്. മുന്നണി,​ പാർട്ടി സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും വിധത്തിലാണ് ഇരുസ്ഥാനാ‌ർത്ഥികളുടെയും പ്രചാരണം. നേരത്തെ കോൺഗ്രസ്- ലീഗ് പ്രശ്നമുണ്ടായിരുന്ന താനൂരിൽ യു.ഡി.എഫ് സംവിധാനം മികച്ച നിലയിൽ കൊണ്ടുപോവാനുള്ള പരിശ്രമങ്ങളിലാണ് ഫിറോസ്. കോൺഗ്രസിന്റെ മൂവർണ്ണ ഷാൾ അണിഞ്ഞാണ് ഫിറോസിന്റെ പര്യടനം.

ഓടിനടന്ന് ഫിറോസ്

ഉമ്മാ ഞാൻ ജയിച്ചിട്ട് വന്ന് കണ്ടോളാം. വോട്ടിനൊപ്പം പ്രാ‌ർത്ഥനയും വേണം. പ്രചാരണത്തിനിടെ റോഡരിൽ കണ്ട വയോധികയുടെ കൈപിടിച്ച് ഫിറോസിന്റെ അഭ്യർത്ഥന. കോട്ട പിടിക്കാൽ ഫിറോസ് തുനിഞ്ഞിറങ്ങുമ്പോൾ യു.ഡി.എഫിന്റെ പ്രചാരണ വേഗം ടോപ്പ് ഗിയറിലാണ്. രാവിലെ 7.30നാണ് വെള്ളച്ചാലിൽ നിന്ന് കിഴക്കൻ മേഖല സന്ദർശനത്തിന് തുടക്കമിട്ടത്. ഊടുവഴികളടക്കം താണ്ടി വീട്ടുമുറ്റത്തെത്തി വോട്ടഭ്യർത്ഥന. പ്രായമായവരുടെ അനുഗ്രഹവും തേടി. വഴിയോരത്ത് കാത്തുനിൽക്കുന്നവരോട് കുശലം പറഞ്ഞ് മുന്നോട്ട്. ഇതിനിടെ സെൽഫി മോഹവുമായെത്തുന്ന യുവാക്കൾക്കൊപ്പം ഫോട്ടോപോസും. ഒരാളും വിട്ടുപോവുന്നില്ലെന്ന് ഉറപ്പാക്കിയുള്ള ജാഗ്രത. വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കുടുംബത്തെയും സന്ദർശിച്ചു. നിയമനടപടികൾക്ക് പിന്തുണയറിയിച്ചു. മേൽമുറി, പുത്തൻപള്ളി, വരിക്കോട്ടുത്തറ, മണലിപ്പുഴ, കക്കിടിപ്പാറ, പള്ളിപ്പീടിക, നാൽക്കവല, പാറമ്മൽഎന്നിങ്ങനെ യാത്ര. പപ്പാറപ്പുറത്ത് എത്തിയപ്പോഴേക്കും ഇരുട്ട് പടർന്നിരുന്നു. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യമെന്ന് ഫിറോസ് പറയുന്നു. ബാലറ്റ് പരിചയപ്പെടുത്തി സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. വോട്ടിംഗ് മെഷീനിലെ സ്ഥാനം പരിചയപ്പെടുത്തുന്നത് ഇന്ന് മുതൽ സജീവമാക്കും. താനൂരിന്റെ വികസന സ്വപ്നങ്ങൾ പങ്കുവെക്കാൻ 'ജനകീയം താനൂർ' എന്ന അപ്ലിക്കേഷൻ ശശിതരൂർ എം.പി ഇന്നലെ പുറത്തിറക്കി.

പൊന്നാടയണിയിച്ച് അബ്ദുറഹ്മാൻ

നിങ്ങളുടെ പിന്തുണയിൽ താനൂരിന്റെ വികസനം തുടരണം. അഞ്ച് വർഷത്തെ പദ്ധതികൾ കേന്ദ്രീകരിച്ചാണ് ഇടതു സ്വതന്ത്ര സ്ഥാനാ‌ർത്ഥി വി.അബ്ദുറഹ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്. ഇന്നലെ താനാളൂ‌ർ പഞ്ചായത്തിൽ കുടുംബ സംഗമങ്ങളിലും കൺവെൻഷനിലും ആയിരുന്നു അബ്ദുറഹ്മാൻ. സദസിൽ മുൻനിരയിലുള്ള പ്രായമായവരുടെ കൈപിടിച്ച് അനുഗ്രഹം തേടി തുടക്കം. താനൂരിന്റെ മനമറിഞ്ഞുള്ള ചെറുപ്രസംഗം. ശേഷം ഓരോ കേന്ദ്രങ്ങളിലും മുതിർന്നവരെ പൊന്നാടയണിയിച്ചുള്ള ആദരിക്കൽ. താനൂരിന്റെ മനമറിയാമെന്ന ആത്മവിശ്വാസം പ്രചാരണത്തിൽ പ്രകടം. തച്ചപറമ്പിൽ നിന്നാരംഭിച്ച് പുത്തുകുളങ്ങര, കുണ്ടുങ്ങൽ, കെപുരം, മൂലക്കൽ, പി.വി.ബിൽഡിംഗ്, കമ്പനിപ്പടി, വട്ടത്താണി, മൂച്ചിക്കൽ, മീനടത്തൂർ, കോരങ്കാവ്, മൂന്നാംമൂല, പുത്തൻതെരു, ദേവധാർ, ജാറം, പരേങ്ങത്ത്, താനാളൂർ, പെരുമണൽ, തറയിൽ, ഒ.കെ പാറ, ഖുറൈശിപ്പാറ, പകര, അയ്യായ റോഡ്, നിരപ്പ്, തവളാംകുന്ന് എന്നിവിടങ്ങളിലെത്തി അരീക്കാടിൽ സമാപിച്ചു. ഇതിനിടെ ദേവധാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഡി.വൈ.എഫ്‌.ഐ താനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന സംഗമത്തിലും പങ്കെടുത്തു. ഇന്ന് ഒഴൂർ പഞ്ചായത്തിൽ പര്യടനം നടത്തും. മൂന്ന് അബ്ദുറഹ്മാന്മാർ അപരന്മാരായി എത്തിയ സാഹചര്യത്തിൽ വോട്ടിംഗ് മെഷീനിലെ സ്ഥാനവും പേരും ഓർമ്മിപ്പിച്ച് പ്രവർത്തകരുടെ പ്രചാരണം മറുവശത്തും. വ‌ികസന രംഗത്ത് വർഷങ്ങളായുള്ള താനൂരിന്റെ ശോചനീയാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് വികസനം എത്തിക്കാനായെന്നും ഇതിന് തുടർച്ചയേകാൻ ജനങ്ങൾ അവസരമേകുനെന്നും വി.അബ്ദുറഹിമാൻ പറഞ്ഞു.

2016ലെ തിരഞ്ഞെടുപ്പ് ഫലം

വി.അബ്ദുറഹിമാൻ ( ഇടതുസ്വതന്ത്രൻ)- 64,472
അബ്ദുറഹിമാൻ രണ്ടത്താണി (മുസ്ലിം ലീഗ്)- 59,554
പി.ആർ. രശ്മിൽനാഥ് (ബി.ജെ.പി) - 11,051

ഭൂരിപക്ഷം - 4,918