kkkkk

തിരൂരങ്ങാടി: പ്രഖ്യാപിച്ച പാർട്ടി സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക. അതും എതിരാളിയുടെ ചിത്രം വ്യക്തമായതിന് തൊട്ടുപിന്നാലെ. പതിവ് തിരഞ്ഞെടുപ്പ് കാഴ്ച്ചകളല്ല ഇത്തവണ തിരൂരങ്ങാടിയിൽ. സി.പി.ഐയുടെ മണ്ഡലമായ തിരൂരങ്ങാടിയിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെ സ്ഥാനാർത്ഥിയാക്കി ഇടതുപക്ഷം പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി തിരൂരങ്ങാടിക്കാരനായ പി.എം.എ സലാം മത്സരിക്കുമെന്ന കണക്കുകൂട്ടലുകൾക്കിടെ തീർത്തും അപ്രതീക്ഷിതമായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ മജീദിന്റെ രംഗപ്രവേശനം. ഇതോടെ തിരൂരങ്ങാടിയുടെ പ്രചാരണ ചിത്രം തന്നെ മാറിമറിഞ്ഞു. ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികൾ കളത്തിലിറങ്ങാൻ വൈകിയതിനാൽ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് പ്രചാരണം രണ്ടാംഘട്ടത്തിലാണിപ്പോൾ.

പഞ്ചായത്ത്, മുനിസിപ്പൽ തല കൺവെൻഷനുകൾ പൂർത്തിയാക്കി കുടുംബസംഗമങ്ങളിലും ഗൃഹസന്ദർശനങ്ങളിലും കേന്ദ്രീകരിക്കുകയാണ്. കഴിഞ്ഞ ദിവസം റോഡ് ഷോ പൂർത്തിയാക്കി. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകൾ, എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണക്ലാരി പഞ്ചായത്തുകളും ചേർന്ന നിയമസഭ മണ്ഡലമാണ് തിരൂരങ്ങാടി. 2016ൽ യു.ഡി.എഫിന് കൂടുതൽ വോട്ടുകൾ കിട്ടിയത് പഞ്ചായത്തുകളിൽ നിന്നും കുറവ് നഗരസഭകളിൽ നിന്നുമായിരുന്നു. ഇതോടെ എൽ.ഡി.എഫ് പഞ്ചായത്തുകളും യു.ഡി.എഫ് നഗരസഭകളും കേന്ദ്രീകരിച്ചാണിപ്പോൾ പ്രചാരണം ശക്തമാക്കുന്നത്. ചിഹ്നം പരിചയപ്പെടുത്തിയുള്ള സ്‌ക്വാഡ് പ്രവർത്തനത്തിന് ഇടതുമുന്നണി തുടക്കമിട്ടിട്ടുണ്ട്. പോസ്റ്റർ, ചുവരെഴുത്ത് പ്രചാരണങ്ങളിൽ യു.ഡി.എഫ് മുന്നിലാണ്. ചിഹ്നം ഉൾപ്പെട്ട പോസ്റ്ററുകൾ എൽ.ഡി.എഫിന്റേത് പുറത്തിറങ്ങിയിട്ടില്ല. എൻ.ഡി.എ സ്ഥാനാർത്ഥിയായി സത്താർ ഹാജിയും മത്സരരംഗത്ത് സജീവമാണ്.

പിടിതരാതെ തിരൂരങ്ങാടി
1965 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ എ.കെ. ആന്റണി മാത്രമാണ് മുസ്‌ലിം ലീഗ് ഇതര സ്ഥാനാർത്ഥിയായി തിരൂരങ്ങാടിയിൽ നിന്ന് വിജയിച്ചത്. 1995ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ആന്റണിക്ക് 22,259 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 1957 മുതൽ 15 തവണ നടന്ന തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചത്. 2011ൽ പി.കെ.അബ്ദുറബ്ബിന് 30,208 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. 2016ൽ ഭൂരിപക്ഷം 6,043ലേക്ക് ഇടിഞ്ഞു. എതിരാളിയായി വീണ്ടും നിയാസ് പുളിക്കലകത്ത് തന്നെ എത്തുമ്പോൾ മത്സരം പ്രവചനാതീതമായിട്ടുണ്ട്. മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങളെ സുവർണ്ണാവസരമായാണ് ഇടതുപക്ഷം കാണുന്നത്. മുൻകോൺഗ്രസുകാരനായ നിയാസിലൂടെ കോൺഗ്രസ് വോട്ടുകൾ ചോർത്താനാവുമെന്ന പ്രതീക്ഷയും പുലർത്തുന്നു. മണ്ഡലത്തിലെ പലയിടങ്ങളിലും കോൺഗ്രസ്- ലീഗ് അസ്വാരസ്യം പ്രകടമാണ്. പി.കെ.അബ്ദുറബ്ബിന്റെ ഭൂരിപക്ഷം വലിയതോതിൽ കുറഞ്ഞതിലേക്ക് നയിച്ചതും യു.ഡി.എഫിലെ ഈ അസ്വാരസ്യങ്ങളാണ്. ഇത്തവണയും ഒരുവിഭാഗം കോൺഗ്രസ് വോട്ടുകൾ ചോരുമെന്ന ഭീതി ലീഗിനുണ്ട്. ഇത് പരമാവധി അവസരമാക്കാനുള്ള നീക്കങ്ങളിലാണ് നിയാസ് ക്യാമ്പ്. മുസ്‌ലിം ജമാഅത്ത്, എ.പി.വിഭാഗം, പി.ഡി.പി വോട്ടുകളുടെ പിന്തുണ നിയാസിന് ലഭിച്ചേക്കും. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല. വെൽഫെയറിന്റെ വോട്ട് യു.ഡി.എഫിനും ലഭിച്ചേക്കും. എന്നാൽ പരസ്യ പിന്തുണ ആരും നടത്തിയിട്ടില്ല. കെ.പി.എ മജീദ് മുജാഹിദ് പക്ഷക്കാരനാണെന്നും സുന്നി വിരുദ്ധ നിലപാടാണെന്നുമുള്ള പ്രചാരണങ്ങളും ഒരുകോണിലൂടെ നടക്കുന്നുണ്ട്. സുന്നി വിഭാഗങ്ങൾ നിർണ്ണായകമായ മണ്ഡലത്തിൽ ഇതുണ്ടാക്കിയേക്കാവുന്ന പ്രതിഫലനവും ലീഗിന് ആശങ്കയേകുന്നതാണ്. മുളയിലേ ഈ പ്രചാരണം നുള്ളാനാണ് ലീഗിന്റെ ശ്രമം. സുന്നി പള്ളിയുടെ ഭാരവാഹിയാണെന്നത് നേരത്തെ തന്നെ ലീഗ് ഉയർത്തിക്കാട്ടിയിരുന്നു. സുന്നി വിദ്യാഭ്യാസ കേന്ദ്രങ്ങളടക്കമുള്ള ഇടങ്ങളിലെ നിരന്തര സന്ദ‌ർശനമടക്കം പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. കടുത്ത മത്സരം അരങ്ങേറുന്നതിന്റെ എല്ലാ ലക്ഷണങ്ങളോടെയും സർവ്വ സന്നാഹങ്ങളോടെയുമാണ് ഇരുമുന്നണികളുടെയും പ്രചാരണം കൊഴുക്കുന്നത്. തിരൂരങ്ങാടിയിയിൽ അടുത്തൊന്നും കണ്ടിട്ടില്ലാത്ത വിധംപോഷകസംഘടനകളുടേതടക്കം മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്തിയാണ് ലീഗിന്റെ പ്രചാരണം മുന്നോട്ടുപോവുന്നത്. പതിവ് പ്രചാരണ രീതികൾക്കൊപ്പം നവീന പ്രചാരണ രീതികളും ലീഗ് പരീക്ഷിക്കുന്നുണ്ട്. പ്രാദേശിക സി.പി.എം നേതൃത്വവുമായി നേരത്തെ ഉണ്ടായിരുന്ന തർക്കമാണ് നിയാസ് ക്യാമ്പിന്റെ ആശങ്ക. പരപ്പനങ്ങാടി നഗരസഭയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഇടതുസ്ഥാനാ‌ർത്ഥികളുടെ തോൽവിയിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരുന്നു. 2011ൽ 8,046 വോട്ട് നേടിയപ്പോൾ 2016ൽ ഇത് 5,480 വോട്ടായി കുറഞ്ഞു. വോട്ട് നില ഉയർത്തുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം.

ഓട്ടം തന്നെ ഓട്ടം

യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.എ മജീദിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം നാളെ പരപ്പനങ്ങാടിയിൽ നിന്നാരംഭിക്കും. ഏപ്രിൽ മൂന്നിന് തെന്നലയിൽ സമാപിക്കും. രണ്ട് ദിവസം പരപ്പനങ്ങാടി, 28,29 തിരൂരങ്ങാടി, 30 നന്നമ്പ്ര, 31 എടരിക്കോട്, 1 പെരുണ്ണ ക്ലാരി, 3 തെന്നല എന്നിവിടങ്ങളിലും പര്യടനം നടത്തും. ഇന്നലെ രാവിലെ വെന്നിയൂർ പരപ്പൻസ് സ്‌ക്വയറിൽ നടന്ന ബൂത്ത് ലെവൽ ചെയർമാൻ, കൺവീനർ, കോർഡിനേറ്റർമാരുടെ കൺവെൻഷനോടെയാണ് മജീദിന്റെ പ്രചാരണ പരിപാടിക്ക് തുടക്കമായത്. ശേഷം പരപ്പനങ്ങാടി കോടതി ബാർ അസോസിയേഷൻ ഓഫീസിലെത്തി വോട്ടഭ്യർത്ഥിച്ചു. താൻ പ്രസി‌ഡന്റ് കൂടിയായ തിരൂരങ്ങാടി യത്തീംഖാനയിലെ അന്തേവാസികളെ സന്ദർശിച്ചു. ശേഷം വിവാഹ ചടങ്ങുകളിലും ഗൃഹങ്ങളിലും സന്ദർശനം നടത്തി ഉച്ചയ്ക്ക് മുമ്പുള്ള പ്രചാരണം പൂർത്തിയാക്കി. പെരുമണ്ണയിൽ ഗൃഹ സന്ദർശനത്തിന് ശേഷം കൊടിഞ്ഞി ഫുട്‌ബാൾ ലീഗ് ഫൈനലിലും വിവിധയിടങ്ങളിലെ യു.ഡി.എഫ് കൺവെൻഷനുകളിലും പങ്കെടുത്തു. തിരൂരങ്ങാടിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് ഇന്നലെ നന്നമ്പ്ര പഞ്ചായത്തിലായിരുന്നു പര്യടനം. ഗൃഹസന്ദർശനം നടത്തിയും കുടുംബസദസുകളിലെത്തിയും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. കുടുംബസദസ്സുകളിൾ സ്ത്രീകളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ചെറുമുക്ക്, ചൂലൻകുന്ന്, ചുള്ളിക്കുന്ന്, വെള്ളിയാമ്പുറം, ദുബായ് പടി, കൊടിഞ്ഞി, പ്രദേശങ്ങളിൽ പര്യടനം നടത്തി.