vgggg

പൊന്നാനി: അച്ഛനും മുത്തശ്ശിയും വന്ന പൊന്നാനിയിലേക്ക് രാഹുൽ ഗാന്ധിയും എത്തുന്നു. പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം രോഹിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വെള്ളിയാഴ്ച്ച വൈകിട്ടാണ് രാഹുൽ ഗാന്ധി പൊന്നാനിയിലെത്തുന്നത്.

1980ലും 82ലും ഇന്ദിരാഗാന്ധി പൊന്നാനിയിൽ പ്രചാരണത്തിനെത്തിയിട്ടുണ്ട്. 1987ലാണ് രാജീവ് ഗാന്ധി പൊന്നാനിയിൽ വന്നത്. 1980ൽ പി.ടി മോഹനകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് ഇന്ദിരാഗാന്ധി ആദ്യം പൊന്നാനിയിലെത്തിയത്. 82ൽ എം.പി ഗംഗാധരനായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി.1987ൽ രാജീവ് ഗാന്ധി വന്നതും എം.പി ഗംഗാധരനു വേണ്ടിയായിരുന്നു.

1980 ജനുവരിയിൽ ഇന്ദിര ഗാന്ധി പൊന്നാനിയിലെത്തുമ്പോൾ സമയം പുലർച്ചെ മൂന്നു മണി. അവർ അന്ന് പ്രധാനമന്ത്രിയായിരുന്നു. എം.ഇ.എസ് പൊന്നാനി കോളേജ് ഗ്രൗണ്ടായിരുന്നു വേദി. നിശ്ചയിച്ച സമയത്തേക്കാൾ വളരെ വൈകിയാണ് ഇന്ദിര ഗാന്ധിയെത്തിയത്. നേരം പുലരാറായായിട്ടും നിറഞ്ഞ സദസ് കാത്തുനിന്നു. 82ൽ എവി ഹൈസ്‌ക്കൂൾ ഗ്രൗണ്ടിലേക്കാണ് ഇന്ദിര എത്തിയത്.

1987ൽ രാജീവ് ഗാന്ധി പൊന്നാനിയിലെത്തുമ്പോൾ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. എ.വി ഹൈസ്‌ക്കൂൾ ഗ്രൗണ്ടായിരുന്നു വേദി. ആ തിരഞ്ഞെടുപ്പിൽ എം.പി ഗംഗാധരൻ വിജയിച്ചു. ജലസേചന വകുപ്പ് മന്ത്രിയായി. 34 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിൽ നിന്നൊരാൾ പൊന്നാനിയിലെത്തുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് നാലിനാണ് പരിപാടി. കൂറ്റനാട് നിന്ന് ഹെലികോപ്ടർ മാർഗ്ഗമാണ് രാഹുൽ പൊന്നാനിയിലെത്തുക.

80ൽ ഇന്ദിര എത്തിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.ടി. മോഹനകൃഷ്ണൻ പരാജയപ്പെട്ടു. കെ. ശ്രീധരനാണ് അന്ന് ജയിച്ചത്. 82ൽ ഇന്ദിര രണ്ടാമതെത്തിയ തിരഞ്ഞെടുപ്പിൽ എം പി ഗംഗാധരനായിരുന്നു വിജയം. കെ. ശ്രീധരനെ 96 വോട്ടുകൾക്കാണ് ഗംഗാധരൻ പരാജയപ്പെടുത്തിയത്.