election

മലപ്പുറം: മലകളുടെയും പച്ചപ്പിന്റെയും നാടാണ് മലപ്പുറമെങ്കിലും തിരഞ്ഞെടുപ്പ് ചൂടിൽ ചുട്ടുപൊള്ളുകയാണിവിടെ. ആ ചൂടിൽ 'പച്ചപ്പ്" ചുവക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കോഴിക്കോട്ടിന്റെയും പാലക്കാടിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്ത് 1969 ജൂൺ 16നാണ് മലപ്പുറം രൂപീകരിച്ചത്.പുറംപോലെ മലപ്പുറത്തിന്റെ രാഷ്ട്രീയവും പച്ചയോട് ഇഴകിച്ചേർന്നിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളമാകെ ചുവന്നപ്പോഴും മലപ്പുറത്തെ പച്ചപ്പ് മങ്ങിയില്ല. ഇതാണ് മുസ്ളിം ലീഗിന്റെ പ്രതീക്ഷ. എന്നാൽ ചുവപ്പൻ തുരുത്തുകൾ ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിൽ 94 പഞ്ചായത്തുകളിൽ 67ഉം 12 മുനിസിപ്പാലിറ്റികളിൽ ഒമ്പതും 15 ബ്ലോക്കുകളിൽ പന്ത്രണ്ടും ജില്ലാ പഞ്ചായത്തിൽ മൃഗീയ ആധിപത്യവുമായി മലപ്പുറം പച്ച പുതച്ചുനിന്നു. 2015ൽ ലീഗ് വിരുദ്ധ സാമ്പാർ മുന്നണിയിലൂടെ 27 പഞ്ചായത്തുകളിൽ ചുവപ്പ് പടർത്തിയെങ്കി ഇത്തവണ 19ൽ ഒതുങ്ങേണ്ടിവന്നു.16 നിയോജക മണ്ഡലങ്ങളിൽ നാലിടത്താണ് എൽ.ഡി.എഫ്. നിലമ്പൂർ, താനൂർ, തവനൂർ, പൊന്നാനി. 2016ൽ നേരിയ ഭൂരിപക്ഷത്തിന് കൈവിട്ട പെരിന്തൽമണ്ണ,​ മങ്കടയ്‌ക്ക് പുറമെ തിരൂരങ്ങാടിയിലും ഇത്തവണ മത്സരം കടുപ്പിക്കാനായിട്ടുണ്ട്.

പന്ത്രണ്ടിടത്ത് ലീഗും നാലിടത്ത് കോൺഗ്രസും മത്സരിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം -11, സി.പി.ഐ -3, എൻ.സി.പി, ഐ.എൻ.എൽ - ഒന്ന് വീതവുമാണ് മത്സരിക്കുന്നത്.

സി.പി.എമ്മിന്റെ സ്ഥാനാർത്ഥികളിൽ അഞ്ചും സി.പി.ഐയുടേതിൽ രണ്ടും സ്വതന്ത്രരാണ്. തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ സ്വതന്ത്ര പരീക്ഷണം ലീഗ് കോട്ടകളിൽ മത്സരം മുറുക്കിയിട്ടുണ്ട്. ഒന്നും എളുപ്പമല്ലെന്ന തിരിച്ചറിവിൽ പോഷക സംഘടനകളുടെ ശേഷിയടക്കം പ്രയോജനപ്പെടുത്തിയാണ് ലീഗിന്റെ പ്രചാരണം. വള്ളിക്കുന്നിലെ 22,887 വോട്ടാണ് എൻ.ഡി.എയുടെ ഉയർന്ന വോട്ട് നില. ഭൂരിഭാഗം മണ്ഡലങ്ങളിലും 10,000ത്തിന് താഴെയാണ് വോട്ട്. നില മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.

 വിടാത്ത ഫാസിസം

മറ്റ് ജില്ലകളിൽ വികസനം ഇടതും, അഴിമതിയും ശബരിമലയും വലതും ചർച്ചയാക്കുമ്പോൾ മലപ്പുറത്തെ ചർച്ചയിൽ ഫാസിസം ഒരുപടി മുന്നിലാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിയിലൂടെ മലപ്പുറം ലോക്‌സഭ മണ്ഡലത്തിലുണ്ടായ ഉപതിരഞ്ഞെടുപ്പ് ഈ ചർച്ചയുടെ വേഗംകൂട്ടുന്നു. ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് വേങ്ങര വഴി അനന്തപുരിയിലേക്കാണ് കുഞ്ഞാലിക്കുട്ടിയുടെ റൂട്ടുമാറ്റം. പൗരത്വ ഭേദഗതിയും മുത്തലാഖും മലപ്പുറത്ത് ആഴത്തിൽ ചർച്ച ചെയ്യാൻ ചുക്കാൻപിടിച്ചത് ലീഗാണ്. ഫാസിസത്തിനെതിരെ യുദ്ധത്തിന് പോയവർ സംസ്ഥാനത്തെ മന്ത്രിക്കസേര ലക്ഷ്യമിട്ട് പാതിവഴിയിൽ മടങ്ങിയെന്ന ആക്ഷേപം ഇടതുകേന്ദ്രങ്ങൾ ഉർത്തുമ്പോൾ ലീഗിന് ചില്ലറയൊന്നുമല്ല ബേജാറ്. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ പാർട്ടിയിലും അണികളിലും ഒളിഞ്ഞും തെളിഞ്ഞും ഉരുണ്ടുകൂടിയ പ്രതിഷേധകാർമേഘം പെയ്‌തുതീർന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ഇടതുപക്ഷം ചർച്ചയാക്കുമ്പോൾ അത് അവഗണിക്കുകയാണ് ലീഗ്. 2019ൽ 2,60,153 വോട്ടുമായി സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന ലീഡായിരുന്നു കുഞ്ഞാലിക്കുട്ടിക്ക്. അതിനാൽ ഭൂരിപക്ഷത്തിലെ ചെറിയ കുറവ് പോലും ലീഗിന് ക്ഷീണമാവും.

 ഇവിടെ പോര് കനക്കും
പൊന്നാനിയും തവനൂരും ഒഴികെ ഇടതുമുന്നണി സ്ഥിരമായി ജയിക്കുന്ന മണ്ഡലം മലപ്പുറത്തില്ല. 2016ൽ യു.ഡി.എഫിനുള്ളിലെ പാലം വലിയിൽ നിലമ്പൂരും താനൂരും ഇടത്തോട്ടെത്തി. യു.ഡി.എഫിൽ ഐക്യം പ്രചാരണത്തിലും പ്രകടമാണിപ്പോൾ. തിരൂരങ്ങാടിയിലൊഴികെ വോട്ട് ചോർച്ച ഭയക്കുന്നില്ല. തിരൂരങ്ങാടിയിൽ കെ.പി.എ. മജീദിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ അവസരം മുതലെടുക്കാൻ ഔദ്യോഗിക സ്ഥാനാർത്ഥിയെ മാറ്റി മുൻ കോൺഗ്രസുകാരനായ നിയാസ് പുളിക്കലകത്തിനെ ഇടതു സ്വതന്ത്രനാക്കിയിട്ടുണ്ട്. പ്രാദേശിക ത‌ർക്കത്തിൽ കോൺഗ്രസ് വോട്ടുകൾ ചോർന്നാൽ ലീഗിന്റെ നില പരുങ്ങലിലാവും. കോൺഗ്രസിന്റെ മൂവർണ ഷാളണിഞ്ഞാണ് മജീദിന്റെ പ്രചാരണം. നിലമ്പൂരിൽ ഇടതുസ്വതന്ത്രൻ പി.വി. അൻവറിനെതിരെ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശും തവനൂരിൽ മന്ത്രി കെ.ടി. ജലീലിനെതിരെ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലും താനൂരിൽ ഇടതുസ്വതന്ത്രനും സിറ്റിംഗ് എം.എൽ.എയുമായി വി. അബ്ദുറഹിമാനെതിരെ യൂത്ത് ലീഗിന്റെ മുഖമായ പി.കെ. ഫിറോസും മത്സരം കടുപ്പിച്ചിട്ടുണ്ട്. പ്രചാരണത്തിൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്.  പെരിന്തൽമണ്ണയിൽ ലീഗ് വിമതൻ കെ.പി. മുഹമ്മദ് മുസ്തഫയ്‌ക്ക് പ്രതീക്ഷിച്ച ഓളമുണ്ടാക്കാനായിട്ടില്ല. സ്ഥാനാർത്ഥിക്കെതിരെ പരസ്യപ്രതിഷേധം അരങ്ങേറിയ ഇടതുകോട്ടയായ പൊന്നാനിയിൽ എളുപ്പത്തിൽ ജയിക്കാമെന്ന പ്രതീക്ഷ ഇടതിനുമില്ലാതായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ടി. ജലീൽ എന്നിവരാണ് ജില്ലയിലെ താരസ്ഥാനാർത്ഥികൾ.