
തിരൂർ: എഴുത്തച്ഛന്റെ നാട്ടിൽ തിരഞ്ഞെടുപ്പ് ആവേശം ചൂടായി വരുന്നേയുള്ളൂ. മറ്റ് മണ്ഡലങ്ങളിൽ മുന്നണികൾ പോസ്റ്ററും കൊടിതോരണങ്ങളും പതിച്ച് പ്രചാരണം കളർഫുൾ ആക്കുമ്പോൾ തിരൂർ ഇതിലേക്ക് കടക്കുകയാണ്. തിരൂർ നഗരസഭ പ്രദേശത്തേക്കാൾ ഗ്രാമപഞ്ചായത്തുകളിലാണ് പ്രചാരണ ആവേശം താരതമ്യേന പ്രകടം. താഴേത്തട്ട് കേന്ദ്രീകരിച്ചാണ് മുന്നണികളുടെ രണ്ടാംഘട്ട പ്രചാരണങ്ങൾ മുന്നേറുന്നത്. ഗൃഹസന്ദർശനങ്ങളിലും കവലകൾ കേന്ദ്രീകരിച്ചുള്ള കൺവെൻഷനുകളിലുമാണ് സ്ഥാനാർത്ഥികൾ. നഗരം കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികൾ രണ്ട് തവണയെത്തി വോട്ടഭ്യർത്ഥന നടത്തിയിട്ടുണ്ട്. യു.ഡി.എഫിനായി മുസ്‌ലിം ലീഗിന്റെ കുറുക്കോളി മൊയ്തീനും എൽ.ഡി.എഫിനായി സി.പി.എമ്മിന്റെ ഗഫൂർ പി. ലില്ലീസും ബി.ജെ.പിക്കായി കാലിക്കറ്റ് സർവകലാശാല മുൻവൈസ് ചാൻസിലർ എം.അബ്ദുസ്സലാമും ആണ് മത്സരരംഗത്തുള്ളത്. എസ്.ഡി.പി.ഐയുടേത് അടക്കം ആറ് സ്ഥാനാർത്ഥികൾ വേറെയുമുണ്ട്. കുറുക്കോളി മൊയ്തീനും ഗഫൂർ പി. ലില്ലീസും തിരൂരുകാരാണ്. കഴിഞ്ഞ തവണ ഗഫൂർ പി.ലില്ലീസ് സ്വതന്ത്ര സ്ഥാനാർത്ഥി പരിവേഷത്തിൽ ആയിരുന്നെങ്കിൽ ഇത്തവണ പാർട്ടി ചിഹ്നത്തിലായതിനാൽ രാഷ്ട്രീയ പോരാട്ടത്തിനാണ് തിരൂർ വേദിയാവുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വരവോടെ ഇടതുക്യാമ്പ് കൂടുതൽ സജീവമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കൂടുതൽ വോട്ട് ലഭിച്ച തലക്കാട്, തിരൂർ നഗരസഭ, വളവന്നൂർ കേന്ദ്രീകരിച്ചാണ് യു.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനം. യു.ഡി.എഫിന് വലിയ മുന്നേറ്റമേകിയ കൽപ്പകഞ്ചേരിയിൽ എൽ.ഡി.എഫും കൂടുതൽ ശ്രദ്ധയേകുന്നുണ്ട്.
ഇളകിയ കോട്ട
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തിരൂരിൽ 41,385 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.ടി.മുഹമ്മദ് ബഷീറിന് ലഭിച്ചതെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് 8,476 ആയി ചുരുങ്ങി. ഇതിലാണ് എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നത്. 2016ൽ ലീഗിന്റെ സി.മമ്മുട്ടി 7,061 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആഞ്ഞ് പിടിച്ചാൽ മണ്ഡലം കൂടെ പോരുമെന്ന 2006ലെ അനുഭവത്തിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. 1957ൽ മണ്ഡലം രൂപവത്കരിച്ച ശേഷം 2006ൽ യു.ഡി.എഫ് പരാജയപ്പെട്ടിരുന്നു. മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സിറ്റിംഗ് എം.എൽ.എ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ സി.പി.എമ്മിലെ പി.പി.അബ്ദുള്ളക്കുട്ടി അട്ടിമറി വിജയം നേടി.
2016ലെ തിരഞ്ഞെടുപ്പ് ഫലം
സി.മമ്മുട്ടി (യു.ഡി.എഫ് ) -73,432
ഗഫൂർ പി. ലില്ലീസ് (എൽ.ഡി.എഫ്) - 66,371
എം.കെ.ദേവീദാസൻ (ബി.ജെ.പി) - 9,083
ഭൂരിപക്ഷം -7,061