llll

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി അബ്ദുസമദ് സമദാനി. പ്രസ്‌ക്ലബ് സംഘടിപ്പിച്ച സഭാങ്കം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര,​സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ലോക്‌സഭയിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ തന്നെ സ്ഥിരം സംവിധാനമായി തുടരാനാവശ്യമായ നടപടി കൈക്കൊള്ളുമെന്നും സമദാനി പറഞ്ഞു.
മലബാർ മേഖലയിൽ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളുടെ കുറവുണ്ട്. നിരവധി വിദ്യാർത്ഥികളാണ് ഡൽഹിയിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. അവർ കൂടുതലും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലെത്താൻ പോലും സാധിക്കാത്ത സാഹചര്യമുണ്ട്. അഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ഡൊമസ്റ്റിക് വിമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഡൊമസ്റ്റിക് ഇന്റർനാഷണൽ കണക്ടിവിറ്റി വിമാനങ്ങൾ സാദ്ധ്യമാക്കും.

അലിഗഡ് വികസിപ്പിക്കും
അലിഗഡ് ഓഫ് കാമ്പസ് കൂടുതൽ സജീവമാക്കുന്നതിനും പുതിയ കോഴ്സ് തുടങ്ങുന്നതിനും നടപടി സ്വീകരിക്കും. ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നാഴികക്കല്ലാവുമെന്ന് കരുതിയ ഈ കേന്ദ്രം മുളയിലെ നുള്ളാൻ ശ്രമിച്ചതിനു പിന്നിൽ ചില തത്പര കക്ഷികളുടെ കൈകടത്തലുകളുണ്ട്. ഭാവി തലമുറയ്ക്ക്‌ വേണ്ടി ജനകീയ ഇടപെടൽ വഴി അലിഗഡ് ഓഫ് കാമ്പസിനെ ഉയർത്തെഴുന്നേൽപ്പിക്കും. രാജ്യാന്തര കോഴ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതൽ മലപ്പുറത്തെത്തിക്കും.

പ്രവാസികൾക്ക് മുൻഗണന

പ്രവാസികളാണ്‌ കേരളത്തിന്റെ നട്ടെല്ല്. അവരുടെ പുനരധിവാസം ഉറപ്പാകുന്നതിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ സമ്മർദ്ദം ചെലുത്തും. നിലവിലെ എം.പി ഫണ്ട് നിറുത്തലാക്കിയത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. അത് പുനഃസ്ഥാപിക്കാൻ ലോക്‌സഭയിൽ ശബ്ദിക്കുമെന്നും സമദാനി പറഞ്ഞു.