e-pass

പുര കത്തുമ്പോൾ വാഴ വെട്ടുകയെന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുകയാണ് അതിർത്തികളിലെ ഇ -പാസ് കൊള്ള സംഘങ്ങൾ. ജനുവരി മുതലാണ് തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് വേണമെന്ന തീരുമാനം അധികൃതർ നടപ്പാക്കിയത്. മലപ്പുറത്ത് നിന്ന് നാടുകാണി വഴി തമിഴ്നാട്ടിലേക്കും കർണ്ണാടകയിലേക്കും കടക്കേണ്ടവർക്ക് നീലഗിരി ജില്ലയിലൂടെയേ കടന്നുപോകാനാവൂ. മലപ്പുറവുമായി അതിർത്തി പങ്കിടുന്നതും നിരവധി മലയാളികൾ കച്ചവടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന സ്ഥലമാണ് നീലഗിരി ജില്ല. സഞ്ചാരികളുടെ പറുദീസയായ ഊട്ടി ഉൾപ്പെടുന്ന ഉദകമണ്ഡലം, കൂണൂർ, കോട്ടഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകൾ ഉൾപ്പെടുന്ന ജില്ലയാണിത്. പ്രകൃതി കനിഞ്ഞ് നൽകിയ സൗന്ദര്യത്താൽ സഞ്ചാരികളുടെ മനം കവർന്ന നിരവധി ടൂറിസ്റ്റ് സ്പോട്ടുകൾ ഉൾപ്പെടുന്ന മേഖലയാണിത്. ഇവിടങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഇ- പാസ് നിർബന്ധമാണ്.

നീലഗിരി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണ് കേരളത്തിൽ കൊവിഡ് നിരക്കുയർന്ന പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. നീലഗിരിയിലെ ഊട്ടി, കൂണൂർ പ്രദേശങ്ങൾ സഞ്ചാരികളുടെ പറുദീസ ആയതിനാൽ ഇവരെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീലഗിരി ജില്ലാ ഭരണകൂടം ഇ-പാസ് നിർബന്ധമാക്കിയത്. തുടക്കത്തിൽ നിശ്ചിത എണ്ണം യാത്രക്കാർക്ക് മാത്രമേ ഇ-പാസ് അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അപേക്ഷിക്കുന്ന എല്ലാവർക്കും ഇ-പാസ് ലഭിക്കുന്നുണ്ട്. നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലെ പ്രത്യേക ലിങ്കിൽ കയറി യാത്രാ വിവരങ്ങളും ഐഡി പ്രൂഫും അടക്കം വിശദ വിവരങ്ങൾ നൽകിയാൻ പാസ് ലഭിക്കും. നെറ്റ് വർക്ക് തകരാറുകളും മൊബൈൽ ഉപയോഗിച്ച് പാസെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്നതും യാത്രക്കാർക്ക് പലപ്പോഴും ദുരിതമാവുന്നുണ്ട്. യാത്രക്കാരുടെ എണ്ണം കുറയ്‌ക്കാനെന്ന പേരിലാണ് ഇ-പാസ് കൊണ്ടുവന്നതെങ്കിൽ അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് കിട്ടുന്ന സാഹചര്യത്തിൽ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. അടുത്തിടെ താമരശ്ശേരി ചുരത്തിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ മറ്റ് ജില്ലകളിൽ നിന്നുള്ളവരും നീലഗിരി വഴിയാണ് യാത്ര ചെയ്തിരുന്നത്.

ഇ-പാസിൽ വലഞ്ഞ് യാത്രക്കാർ

അവധി ദിവസങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് നീലഗിരിയിലെ ടൂറിസം കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നാടുകാണിയിലൂടെ കടന്നുപോവുന്നത്. യാത്രക്കാരിൽ പലർക്കും ഇ-പാസിനെക്കുറിച്ച് ധാരണയില്ല. ഇവരെ നാടുകാണി ചെക്ക് പോസ്റ്റിൽ തടയും. ഇ-പാസ് എടുത്ത ശേഷമേ യാത്ര തുടരാനാവൂ. ഇ-പാസിനെക്കുറിച്ച് ധാരണയുള്ളവർക്ക് പലപ്പോഴും നെറ്റ് വർക്ക് തകരാർ മൂലം പാസ് എടുക്കാൻ സാധിക്കാറില്ല. ഈ രണ്ട് സംഭവങ്ങളും വർദ്ധിച്ചതോടെ അവസരം മുതലെടുക്കാൻ ഇ-പാസ് സംഘങ്ങൾ കടുത്ത ചൂഷണവുമായി രംഗത്തുണ്ട്. നേരത്തെ നാടുകാണി, ആനമറി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘങ്ങൾ ഇപ്പോൾ വഴിക്കടവ് മുതൽ നാടുകാണി ചുരത്തിലെ വിവിധ ഇടങ്ങൾ തമ്പടിച്ച് വാഹനങ്ങൾക്ക് കൈകാണിച്ച് യാത്രക്കാരെ വല വിശീപ്പിടിക്കുകയാണ്. ഒരുവാഹനത്തിന് അമ്പത് രൂപയും യാത്രക്കാരിൽ ഒരാൾക്ക് 25 രൂപ വീതവുമാണ് ഈടാക്കുന്നത്. മുന്തിയ വാഹനങ്ങളിലാണ് യാത്രയെങ്കിൽ ഈടാക്കുന്ന തുക വീണ്ടും ഉയരും. അവധി ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കൂടിയ തുക ഈടാക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ വരവ് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ഇ- പാസ് സംവിധാനം ഫലത്തിൽ ഇത്തരം സംഘങ്ങൾക്ക് യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരമായി മാറുകയാണ്. അപേക്ഷിക്കുന്ന എല്ലാവർക്കും ഇ-പാസ് അനുവദിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടെ സമയവും പണവും കവരുന്ന സംവിധാനം നിർത്തലാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ ഇതുകേട്ട ഭാവം നടിക്കുന്നില്ല.


പ്രതിഷേധത്താൽ പിൻവലിച്ച

ആർ.ടി.പി.സി.ആർ
നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് വലിയ പ്രതിഷേധത്തെ തുടർന്ന് തമിഴ്നാട് അധികൃതർ പിൻവലിച്ചിരുന്നു. യാത്രക്കാർക്ക് കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റും ഇ-പാസും വേണമെന്നതായിരുന്നു നിബന്ധന. ജില്ലാ അതിർത്തിയായ നാടുകാണിക്ക് പുറമെ കാക്കനഹള്ള, നമ്പ്യാർക്കുന്ന്, താളൂർ, ചോലാടി, പാട്ടവയൽ, ബറളിയാർ , കുഞ്ചപ്പന ചെക്ക് പോസ്റ്റുകളിലും കർശന പരിശോധന നടത്തിയിരുന്നു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാർ തമിഴ്നാടുമായി നടത്തിയ ചർച്ചയിലാണ് ആർ.ടി.പി.സി.ആർ നിബന്ധന പിൻവലിച്ചത്. ഇ-പാസും പിൻവലിക്കാൻ സംസ്ഥാന സർക്കാർ തമിഴ്നാടുമായി ചർച്ച നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.