-

മങ്കട: കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എ.അഹമ്മദ് കബീർ കഷ്ടിച്ച് 1,508 വോട്ടിനാണ് മങ്കടയിൽ വിജയിച്ചു കയറിയത്. ആഞ്ഞുപിടിച്ചാൽ ഏതുഭാഗത്തേക്കും മറിയാമെന്നാണ് 2016ൽ മങ്കട ഇരുമുന്നണികൾക്കും സൂചനയേകിയത്. ഇതോടെ എണ്ണയിട്ട യന്ത്രം പോലെ ഇരുമുന്നണികളും സംഘടനാശേഷി പരമാവധി പ്രയോജനപ്പെടുത്തി മുന്നേറുമ്പോൾ പോരാട്ടം പ്രവചനാതീതമാണ്. ഇഞ്ചോടിഞ്ച് മത്സരം അരങ്ങേറുന്നതിന്റെ എല്ലാ ലക്ഷണങ്ങളും മങ്കട നിയോജക മണ്ഡലത്തിൽ പ്രകടം. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിലാണിപ്പോൾ. പോസ്റ്ററുകളും ചുവരെഴുത്തും അടക്കം പ്രചാരണോപാധികൾ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. രാവിലെ കുടുംബ സംഗമങ്ങളിലും ഉച്ചയ്ക്ക് ശേഷം റോഡ് ഷോ എന്ന നിലയിലുമാണ് പ്രചാണം മുന്നോട്ടുപോവുന്നത്. ഓരോ കുടുംബ കൺവെൻഷനുകളിലും എതിരാളിയേക്കാൾ ഇരട്ടിയാളുകളെ പങ്കെടുപ്പിക്കണമെന്ന വാശിയിലാണ് കാര്യങ്ങൾ

.

ആർക്കും സേഫല്ല

ജില്ലയിൽ സി.പി.എമ്മിന് വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് മങ്കട. 1957 മുതൽ 1999 വരെ നടന്ന പത്ത് നിയമസഭ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു വിജയം. സി.എച്ച്.മുഹമ്മദ് കോയയും കൊരമ്പയിൽ അഹമ്മദ് ഹാജിയും അടക്കം പ്രമുഖർ വിജയിച്ച മണ്ഡലമാണിത്. 1980 മുതൽ 96 വരെ അഞ്ച് തവണ കെ.പി.എ മജീദ് തുടർച്ചയായി വിജയിച്ചു. 2001ൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന മഞ്ഞളാംകുഴി അലിയിലൂടെ മണ്ഡലത്തിൽ ചെങ്കൊടി പാറി. 2006ലും വിജയം ആവർത്തിച്ചു. 2016ൽ ടി.എ.അഹമ്മദ് കബീറിലൂടെ മണ്ഡലം ലീഗ് തിരിച്ചുപിടിച്ചു. ഖദീജ സത്താറായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. 2016ൽ നാട്ടുകാരൻ കൂടിയായ അഡ്വ.ടി.കെ. റഷീദലിയെ സ്ഥാനാർത്ഥിയാക്കിയതോടെ കടുത്ത മത്സരമാണ് മണ്ഡലത്തിൽ അരങ്ങേറിയത്. ഇത്തവണ ആര് വിജയിച്ചാലും നേരിയ ഭൂരിപക്ഷമേ മണ്ഡലത്തിൽ ഉണ്ടാവൂ എന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫും യു.ഡി.എഫും.


ആശങ്കയും പ്രതീക്ഷയും
ഏഴ് പഞ്ചായത്തുകളിൽ ഭരണമുണ്ടായിരുന്നത് ഒരു പഞ്ചായത്തിലേക്ക് ചുരുങ്ങി എന്നത് എൽ.ഡി.എഫിന് ആശങ്കയുണ്ടാക്കുന്നു. മൂർക്കനാടിൽ മാത്രമാണ് ഭരണം. കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണ സമിതിയാണ്. കുറുവയിൽ നറുക്കെടുപ്പിലൂടെയാണ് ഭരണം ലഭിച്ചത്. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മൂർക്കനാട്, കുറുവ പഞ്ചായത്തുകളിലാണ് എൽ.ഡി.എഫ് കൂടുതൽ വേരോട്ടമുള്ളത്. കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പിൽ യു.ഡി.എഫിനും മുൻതൂക്കമുണ്ട്. ഓരോ പ്രദേശങ്ങളും ഇഴകീറിയുള്ള പ്രചാരണത്തിലാണ് മുന്നണികൾ. സ്വന്തം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പരാജയപ്പെട്ടതും മണ്ഡലത്തിൽ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും എൽ.ഡി.എഫ് സ്ഥാനാർത്ഥി റഷീദലിക്ക് മുന്നിലെ വെല്ലുവിളികളാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം യു.ഡി.എഫിന് പ്രതീക്ഷയേകുമ്പോൾ തീർത്തും വ്യത്യസ്തമായ സാഹചര്യമുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ ഇതാവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ഭരണതുടർച്ചാ പ്രതീതിയും തുണയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ രണ്ട് തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞലാംകുഴി അലി. യു.ഡി.എഫിനും ലീഗിനുള്ളിലുമുള്ള അസ്വാരസ്യങ്ങൾ വോട്ടിൽ പ്രതിഫലിക്കുമോ എന്നതാണ് വെല്ലുവിളി.