
പൊന്നാനി: സ്വന്തക്കാർക്ക് മാത്രം ജോലി നൽകി കേരളത്തിലെ സർക്കാർ യുവത്വത്തെ അപമാനിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പൊന്നാനിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷക്കാരനാണെങ്കിൽ ജോലി കിട്ടുമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കേരളത്തിലെ യുവത്വത്തെ ജോലിക്കു വേണ്ടി മുട്ടിലിഴയേണ്ട അവസ്ഥയിലെത്തിച്ചു. മക്കളെ കുറിച്ചുള്ള ഓരോ അമ്മമാരുടേയും സ്വപ്നങ്ങൾക്കുമേലാണ് സർക്കാർ അനീതി കാണിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാർക്ക് ഭാവി കാണിച്ചു നൽകാനാകാത്ത അവസ്ഥയാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കേരളത്തെ വിഴുങ്ങിയിരിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.
രാജ്യം നേരിടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ന്യായ് പദ്ധതി അവതരിപ്പിക്കുന്നത്. യു ഡി എഫ് അധികാരത്തിലെത്തിയാൽ അർഹരായവർക്ക് പ്രതിമാസം ആറായിരം രൂപ വീതം നൽകും. പ്രതിവർഷം 72000 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ന്യായ് പദ്ധതി നടപ്പാക്കുന്നതിലൂടെ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകൾ ശൂന്യമല്ലെന്ന് ഉറപ്പു വരുത്താനാകും. ന്യായ് പദ്ധതി കേരളത്തിൽ വിജയമായാൽ രാജ്യം മുഴുവൻ ഇതേറ്റെടുക്കുന്ന സ്ഥിതിയുണ്ടാകും. ഓരോരുത്തരുടെയും കൈയിൽ പണമെത്തിയാൽ അത് കമ്പോളത്തിലിറങ്ങും. അതിലൂടെ വിപണി സജീവമാകും. പുതിയ സംരംഭങ്ങൾ വരികയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് ഇതാണ് പരിഹാരമെന്ന് രാഹുൽ പറഞ്ഞു.
യു ഡി എഫ് മുന്നോട്ടുവയ്ക്കുന്നത് ജനങ്ങൾ നിർദ്ദേശിച്ച ആശയങ്ങളാണ്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ പറഞ്ഞവയാണ്. അതൊക്കെയും നടപ്പാക്കപ്പെടുമെന്നും രാഹുൽ പറഞ്ഞു.
യു ഡി എഫ് ജില്ല ചെയർമാൻ പി.ടി അജയ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സിദ്ദിഖലി രാങ്ങാട്ടൂർ, എം.വി ശ്രീധരൻ, അഷറഫ് കോക്കൂർ, സ്ഥാനാർത്ഥികളായ എ.എം രോഹിത്, ഫിറോസ് കുന്നംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.