gggggg

വണ്ടൂർ: പരസ്യപ്രചാരണത്തിന്റെ ആവേശം വിളിച്ചോതുന്ന ദൃശ്യങ്ങൾ അധികമൊന്നും വണ്ടൂർ നിയോജക മണ്ഡലത്തിൽ കാണാനാവില്ല. പ്രചാരണ പോസ്റ്ററുകളും ചുവരെഴുത്തുകളും കൂറ്റൻ ഫ്ളക്സുകളുമൊന്നും അധികമില്ല. ഓരോ പ്രദേശത്തെയും പ്രധാന കവലകളിൽ ഒതുങ്ങുന്നു പോസ്റ്റർ പ്രചാരണങ്ങൾ. വോട്ടുള്ള അടിത്തട്ടുകൾ തേടി ശാന്തമായ പ്രചാരണത്തിലാണ് മുന്നണികൾ. കുടുംബ കൺവെൻഷനുകൾ അവസാനഘട്ടത്തിലാണ്. കവലകൾ കേന്ദ്രീകരിച്ചുള്ള ചെറുകൺവെൻഷനുകൾ പരമാവധി സംഘടിപ്പിക്കാനാണ് ശ്രമം. അഞ്ചാം അങ്കത്തിനിറങ്ങുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ എ.പി.അനിൽകുമാർ മണ്ഡലത്തിൽ സുപരിചിതനും ജില്ലയിലെ കോൺഗ്രസിന്റെ മുഖവുമാണ്. ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുസ്‌ലിം ലീഗിന്റെ മുൻ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന യുവത്വത്തിന്റെ പ്രസരിപ്പിൽ മണ്ഡലത്തിൽ എല്ലായിടത്തും ഓടിയെത്തുന്നുണ്ട്. ലീഗിനെ വെല്ലുവിളിച്ച് ഇടതിനൊപ്പം ഉറച്ചുനിന്നെന്ന പരിവേഷം പ്രവർത്തകർക്കിടയിൽ മിഥുനയ്ക്കുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തിൽ ആവേശം കൊണ്ടുവരാൻ മിഥുനയ്ക്കായിട്ടുണ്ട്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും പ്രചാരണം കൊഴുക്കുന്നുണ്ട്. പരസ്യമായി വെല്ലുവിളിച്ച മിഥുനയ്ക്കെതിരെയുള്ള ലീഗിന്റെ വികാരം മണ്ഡലത്തിലെ യു.ഡി.എഫ് ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കരുവാരക്കുണ്ടിൽ ഒറ്റയ്ക്ക് മത്സരിച്ചിരുന്ന ലീഗും കോൺഗ്രസും നിയമസഭയിലേക്ക് എത്തിയപ്പോൾ ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയത്. കാളികാവ് പഞ്ചായത്തിലെ യു.ഡി.എഫിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഡോ.പി.സി. വിജയനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. 2011ൽ 2,885 വോട്ടായിരുന്നു ബി.ജെ.പിക്ക് ലഭിച്ചതെങ്കിൽ 2016ൽ ഇത് 9,471 വോട്ടായി വർദ്ധിച്ചു. ഈ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

മേൽക്കൈ യു.ഡി.എഫിന്
മണ്ഡലം രൂപവത്കരിച്ച 1977 മുതൽ 2016 വരെയുള്ള കാലയളവിൽ സംവരണ മണ്ഡലമായ വണ്ടൂരിൽ ചെങ്കൊടി പാറിയത് ഒരുതവണ മാത്രം. 1996ൽ സി.പി.എമ്മിലെ എൻ. കണ്ണന്റെ പടയോട്ടത്തിൽ അടിതെറ്റിയത് ഒന്നരപ്പതിറ്റാണ്ട് മണ്ഡലത്തിന്റെ സാരഥിയായിരുന്ന കോൺഗ്രസിലെ പന്തളം സുധാകരനും. 2001ൽ മണ്ഡലം തിരിച്ചുപിടിക്കാൻ നിയോഗിച്ച മുൻമന്ത്രി എ.പി. അനിൽകുമാറാണ് ഇന്നും മണ്ഡലത്തിന്റെ സാരഥി. മികച്ച സ്ഥാനാർത്ഥികളുടെ അഭാവത്തിൽ കാര്യമായ മത്സരം പോലും അരങ്ങേറാത്ത മണ്ഡലത്തിൽ 2016ൽ അനിൽകുമാറിന്റെ ഭൂരിപക്ഷം 23,864 വോട്ടാണ്. ലീഗിനെ വെള്ളംകുടിപ്പിച്ച മിഥുനയെ കളത്തിലിറക്കുമ്പോൾ സി.പി.എമ്മിന്റെ ലക്ഷ്യം 96ലെ അട്ടിമറി വിജയമാണ്.


തദ്ദേശം അത്ര ഭദ്രമല്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളിൽ അഞ്ചിടത്ത് യു.ഡി.എഫിനാണ് മുൻതൂക്കം. പോരൂർ, തുവ്വൂർ, കാളികാവ്, ചോക്കാട്, വണ്ടൂർ പഞ്ചായത്തുകളിൽ യു.ഡി.എഫും തിരുവാലി, കരുവാരക്കുണ്ട്, മമ്പാട് പഞ്ചായത്തുകളിൽ എൽ.ഡി.എഫുമാണ്. ഇതിൽ തിരുവാലിയിലും വണ്ടൂരിലും നറുക്കെടുപ്പിലൂടെ ആണ് ഭരണം തീരുമാനിച്ചത്. യു.ഡി.എഫിനുള്ളിലെ പ്രശ്നങ്ങളാണ് കരുവാരക്കുണ്ടിൽ ഭരണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 23,864 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 14,797 ആയി കുറഞ്ഞു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 28,919 ആയിരുന്നു ഭൂരിപക്ഷം. തുടർച്ചയായി ഭൂരിപക്ഷം ഇടിയുന്നത് ഇടതുപക്ഷം പ്രതീക്ഷയായി കാണുമ്പോൾ അഭ്യന്തര കലഹം തീർന്നതിലെ ആശ്വാസത്തിലാണ് യു.ഡി.എഫ്. മാറ്റമെന്ന പ്രചാരണത്തിനൊപ്പം മണ്ഡലത്തിലെ കാർഷിക പ്രശ്നങ്ങളും എൽ.ഡി.എഫ് ഉയർത്തുമ്പോൾ എം.എൽ.എയുടെ വികസന പ്രവർത്തനങ്ങളിൽ ഊന്നിയാണ് യു.ഡി.എഫിന്റെ പ്രചാരണം.

2016ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം
എ.പി.അനിൽകുമാർ (കോൺഗ്രസ്) - 81,964
കെ.നിശാന്ത് (സി.പി.എം) - 58,100
സുനിത മോഹൻദാസ് (ബി.ജെ.പി) - 9,471

ഭൂരിപക്ഷം - 23,864