
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന ആനയിടഞ്ഞത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഗുരുവായൂർ ദേവസ്വത്തിന്റെ ദാമോദർ ദാസാണ് ഇന്നലെ രാവിലെ ഏഴോടെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. നിസ്സാര പരിക്കേറ്റ പാപ്പാനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുന്നിലെ വിശ്രമകേന്ദ്രത്തിന്റെ മേൽക്കൂര ആന തകർത്തു.
പിൻകാലുകളിൽ കൂച്ചുവിലങ്ങിട്ടിരുന്നതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല. കടുത്ത ചൂടും ജനറേറ്ററിന്റെ ശബ്ദവുമാവാം ഇടയാൻ കാരണമെന്ന് കരുതുന്നു.
തെക്കേ നടയിലെ പടികളിൽ നിലയുറപ്പിച്ച ആനയെ ഗുരുവായൂർ ദേവസ്വം അധികൃതരും ആനപാപ്പാന്മാരും എത്തി അഞ്ചുമണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്. ഏഴാംപൂരമായ ഇന്നലെ 13ാമത്തെ ആറാട്ടിനു മുമ്പായിരുന്നു സംഭവം. തുടർന്ന് ആനയില്ലാതെ തന്ത്രിയുടെ കാർമ്മികത്വത്തിൽ എഴുന്നള്ളിപ്പ് നടത്തി.