eranad
ഏറനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ബഷീർ പ്രചാരണത്തിൽ

അരീക്കോട്: ഏറനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണാവേശം ടോപ്പ് ഗിയറിലാണ്. മണ്ഡലം രൂപീകരിച്ചത് മുതൽ മുസ്‌ലിം ലീഗിന്റെ പി.കെ.ബഷീർ വിജയിച്ച മണ്ണിൽ ഇക്കുറി നടക്കുന്നത് വാശിയേറിയ മത്സരമാണ്. യു.ഡി.എഫിനായി പികെ.ബഷീർ മുന്നാം അങ്കത്തിന് ഇറങ്ങുമ്പോൾ എൽ.ഡി.എഫിനായി കെ.ടി. അബ്ദുറഹിമാൻ പോര് കനപ്പിക്കുന്നു. എൻ.‌ഡി.എയ്ക്കായി അഡ്വ. സി.ദിനേശ് ആണ് മത്സരംഗത്ത്. കുടുംബ കൺവെൻഷനുകളിലാണ് സ്ഥാനാർത്ഥികൾ. സിറ്റിംഗ് എം.എൽ.എ എന്ന നിലയിൽ പി.കെ.ബഷീർ മണ്ഡലത്തിലെ എല്ലാ കോണുകളിലും സുപരിചിതനാണ്. കെ.ടി അബ്ദുറഹിമാന്റെ ആദ്യ തിരഞ്ഞെടുപ്പ് അങ്കമാണിത്. 34 വർഷം പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായിരുന്നു അബ്ദുറഹിമാൻ. 2011ൽ മണ്ഡലം രൂപീകരിച്ചത് മുതൽ രണ്ട് തവണയും യു.ഡി.എഫിനായിരുന്നു വിജയം. മണ്ഡലം നിലനിർത്താനുള്ള തന്ത്രങ്ങളിലാണ് യു.ഡി.എഫ് ക്യാമ്പ്. മണ്ഡ‌ലത്തിലെ വികസന മുരടിപ്പും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ചൂണ്ടിക്കാട്ടി മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്രശ്രമങ്ങളിലാണ് ഇടതുക്യാമ്പ്.

കണക്കുകളിൽ പ്രതീക്ഷർപ്പിച്ച്

2011ലെ കന്നിയങ്കത്തിൽ 11,246 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു പി.കെ.ബഷീറിന്. പി.വി.അൻവറായിരുന്നു പ്രധാന എതിരാളി. എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ആയിരുന്ന സി.പി.ഐയുടെ അഷ്റഫ് കാളിയത്തിന് 2,700 വോട്ടാണ് ലഭിച്ചത്. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പിയുടെ കെ.പി.ബാബുരാജ് 3,488 വോട്ടായിരുന്നു നേടിയത്. പി.വി.അൻവറിനെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി ആക്കാനുള്ള സി.പി.എമ്മിന്റെ നീക്കം സി.പി.ഐ അംഗീകരിച്ചിരുന്നില്ല. ഇതോടെ അൻവറിനായി സി.പി.എം പ്രവർത്തകർ പരസ്യമായി രംഗത്തുവരികയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ 12,893 വോട്ടിന്റെ ഭൂരിപക്ഷമാണ് പി.കെ. ബഷീറിന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു മറ്റൊരു കെ.ടി.അബ്ദുറഹാമാന് 56,155 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ കെ.പി.ബാബുരാജ് 6,055 വോട്ട് നേടി.

തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേടിയ മുന്നേറ്റമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അതേസമയം പതിറ്റാണ്ടുകളായി എൽ.ഡി.എഫ് ഭരിക്കുന്ന എടവണ്ണ പഞ്ചായത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഭരണം ഇടതുമുന്നണി നേടി. ആകെ വോട്ടുകളുടെ എണ്ണം നോക്കിയാൽ പഞ്ചായത്തിൽ 260 വോട്ടിന്റെ മുൻതൂക്കം യു.ഡി.എഫിനാണെന്ന് നേതൃത്വം അവകാശപ്പെടുന്നു. എം.എൽ.എ എന്ന നിലയിൽ പത്തുവർഷത്തിനിടെ ചെയ്ത വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് യു.ഡി.എഫിന്റെ പ്രചാരണം. ഇടതുസർക്കാരിന്റെ കാലയളവിലും വിദ്യാഭ്യാസ മേഖലയിലടക്കം ഏറ്റവും കൂടുതൽ ഫണ്ടുകൾ ലഭ്യമാക്കാനായത് എം.എൽ.എയുടെ പ്രവർത്തന മികവായും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. അരീക്കോട് പഞ്ചായത്തിലെ സ്റ്റേഡിയം നിർമ്മാണത്തിനെതിരെ ഉയർന്ന അഴിമതി ആരോപണവും വികസന മുരടിപ്പുമാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. സാമൂഹ്യ സേവന രംഗത്തെ പരിചയ സമ്പന്നത വോട്ടാക്കി മാറ്റാനുമാണ് കെ.ടി.അബ്ദുറഹിമാന്റെ ശ്രമം. വോട്ട് വിഹിതം ഉയരുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാമ്പ്.

വണ്ഇന്ത്യ, വണ് പെൻഷൻ മൂവ്‌മെന്റ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. സെബാസ്രറ്യനാണ് ഏറനാട്ടിലെ മറ്റൊരു സ്ഥാനാർഥി. അറുപത് വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകി തുല്ല്യ നീതി ഉറപ്പ് വരുത്തുക എന്ന ആശയമാണ് തിരഞ്ഞെടുപ്പിൽ ഇവർ മുന്നോട്ട് വെക്കുന്നത്.

പ്രമുഖരുടെ പട

രാഹുൽ ഗാന്ധിയുടെ മണ്ഡലമെന്ന പ്രതേകതയും ഏറനാടിനുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾക്കായി ഏറനാട്ടിൽ മുൻനിര നേതാക്കളുടെ പടതന്നെ എത്താറുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ അരീക്കോട് പ്രിയങ്ക ഗാന്ധിയും ഖുശ്ബുവും പ്രചരണത്തിനെത്തിയിരുന്നു. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും, ശശി തരൂരും ഏറനാട്ടിൽ പ്രചരണത്തിനായി എത്തിയിട്ടുണ്ട്.