election

മലപ്പുറം: നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിംഗ് സ്‌റ്റേഷനുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിംഗ് സ്‌റ്റേഷനുകളാണ് വനിതാ പോളിംഗ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുക. ഇതിൽ മൂന്നെണ്ണം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളാണെന്ന പ്രത്യേകതയുമുണ്ട്.

നിലമ്പൂർ മണ്ഡലത്തിലെ 110ാം നമ്പർ പോളിങ് സ്‌റ്റേഷനായ മാർത്തോമാ ഹയർ സെക്കന്ററി സ്‌കൂൾ ചുങ്കത്തറ(ഈസ്‌റ്റേൺ സൈഡ്), തവനൂർ മണ്ഡലത്തിലെ 75ാം നമ്പർ പോളിംഗ് സ്‌റ്റേഷനായ ജി.എച്ച്.എസ്.എസ് കാടഞ്ചേരി, പൊന്നാനി മണ്ഡലത്തിലെ 73ാം നമ്പർ പോളിംഗ് സ്‌റ്റേഷനായ ജി.എച്ച്.എസ്.എസ് മാറഞ്ചേരി എന്നിവയാണ് ഒരേ സമയം വനിതാ മാതൃകാ പോളിംഗ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്നവ. വനിത പോളിംഗ് സ്‌റ്റേഷനുകളിൽ പ്രിസൈഡിംഗ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, പൊലീസ് എന്നിവരുൾപ്പടെ പൂർണമായി വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

അതേ സമയം ഓരോ മണ്ഡലങ്ങളിലും അഞ്ചെണ്ണം വീതം 80 മാതൃക പോളിംഗ് സ്‌റ്റേഷനുകളും ജില്ലയിലുണ്ടാകും. വോട്ട് ചെയ്യാനെത്തുന്നവർക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിംഗ് സ്റ്റേഷനുകളിൽ ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറി സൗകര്യം, വോട്ടർ സഹായ കേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള റാംപ് സംവിധാനം, വീൽചെയർ എന്നിവക്കു പുറമെ, വോട്ടർമാർക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങൾ, വളണ്ടിയർ സേവനം തുടങ്ങിയവയാണ് മാതൃകാ പോളിങ് സ്റ്റേഷനുകളിലുണ്ടാവുക.