പെരിന്തൽമണ്ണ: എട്ടാം പൂര ദിവസമായ ഇന്നലെ രാവിലെ തിരുമാന്ധാം കുന്നിൽ ഭഗവതിക്കും ശിവനും ആറാട്ട് നടത്തി. പന്തീരടി പൂജയ്ക്ക് ശേഷം ഭഗവതിയുടെ പതിനഞ്ചാമത്തെ ആറാട്ടിനും ഭഗവാന്റെ ആദ്യത്തെ ആറാട്ടിനുമായി ഇരു ദേവ ചൈതന്യങ്ങളെയും പുറത്തേക്ക് എഴുന്നള്ളിച്ചു. തിരുവമ്പാടി കണ്ണൻ, ഗുരുവായൂർ ബാലു എന്നീ ഗജവീരൻമാർ തിടമ്പേറ്റി. ഒരേസമയം തന്നെ ക്ഷേത്രത്തിലെ പ്രധാന രണ്ട് ദൈവ ചൈതന്യങ്ങൾ പുറത്തേക്ക് എഴുന്നുള്ളുന്നത് ദർശിക്കുവാൻ നിരവധി ഭക്തർ എത്തിയിരുന്നു. തുടർന്ന് മേളത്തോടെ കൊട്ടിക്കയറി. മേളം കഴിഞ്ഞ് ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്കും ശിവന്റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണ ശേഷം കൊടിയിറക്കി ശിവന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് കലശമാടി നവകവും ഉച്ചപൂജയും നടത്തി. ഭഗവതിയുടെ ഉച്ചപൂജയും തുടർന്ന് ഭഗവാനും, ഭഗവതിക്കും ശ്രീഭൂതബലിയും നടന്നു. വൈകിട്ട് ചാക്യാർകൂത്ത്, ഓട്ടൻ തുള്ളൽ, നാഗസ്വരം, പാഠകം, ഭരതനാട്യ കച്ചേരിയും അരങ്ങേറി. രാത്രി തായമ്പക, കേളി, കൊമ്പ് പറ്റ് എന്നിവയ്ക്ക് ശേഷം പതിനാറാമത്തെ ആറാട്ട് നടന്നു. ഒമ്പതാം പൂര ദിവസമായ ഇന്ന് രാവിലെ ഏഴരയ്ക്ക് തിരുവാതിര കളിയോടെ ചടങ്ങുകൾ ആരംഭിക്കും.