വേങ്ങര: ജില്ലയുടെ സമകാലിക തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വേങ്ങരയ്ക്ക് വേറിട്ടൊരു സ്ഥാനമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് തിരഞ്ഞെടുപ്പുകൾക്കാണ് വേങ്ങര സാക്ഷിയായത്. രണ്ട് തവണകളിലായി നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്‌സഭ തിരഞ്ഞെടുപ്പുകളും. അഞ്ചാംഅങ്കത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിൽ ചർച്ചയാവുന്നതും തിരഞ്ഞെടുപ്പുകളുടെ ഈ എണ്ണം തന്നെ. യു.ഡി.എഫിനായി മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും എൽ.ഡി.എഫിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം പി.ജിജിയും മത്സരം മുറുക്കുന്നു. ബി.ജെ.പിക്കായി പാലക്കാട് മേഖല കമ്മിറ്റി പ്രസിഡന്റ് എം.പ്രേമനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ബി.ജെ.പിയെ തള്ളി മൂന്നാംസ്ഥാനത്തെത്തിയ എസ്.ഡി.പി.ഐ ഇത്തവണ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ.പി.സബാഹിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം മുന്നോട്ടുപോവുന്നത്. ഫാസിസത്തിനെതിരെ യുദ്ധം ചെയ്യാൻ പോയവർ പാതിവഴിയിൽ മടങ്ങിയെന്ന ആക്ഷേപം എതിരാളികൾ ഉന്നയിക്കുമ്പോൾ കൃത്യമായി ഉത്തരം നൽകാൻ മുസ്‌ലിം ലീഗിനും കഴിയുന്നില്ല.
കണക്കിൽ പച്ചക്കോട്ട
2011ൽ മണ്ഡലം രൂപവത്കരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ 38,237 വോട്ടിന്റെ ഭൂരിപക്ഷമാണ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര നിയോജക മണ്ഡലമേകിയത്. എതിർസ്ഥാനാർത്ഥി ഐ.എൻ.എല്ലിന്റെ കെ.പി. ഇസ്മായിലിന് 24,901 വോട്ടാണ് ലഭിച്ചത്. മൂന്നാംസ്ഥാനത്തെത്തിയ എസ്.ഡി.പി.ഐയുടെ അബ്ദുൾ മജീദ് ഫൈസി 4,683 വോട്ട് നേടി. നാലാംസ്ഥാനത്തായിരുന്ന ബി.ജെ.പി 3,417 വോട്ടാണ് നേടിയത്. 2016ൽ എത്തിയപ്പോഴും പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പിറകിൽ നിന്നു വോട്ടർമാർ. 38,057 വോട്ടായിരുന്നു ഭൂരിപക്ഷം. ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ചതിന് പിന്നാലെ 2017ൽ വേങ്ങരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ കെ.എൻ.എ ഖാദറിന് 14,747 വോട്ട് കുറഞ്ഞു. ഭൂരിപക്ഷം 23,310 ആയി. ഇടതുസ്ഥാനാർത്ഥി പി.പി. ബഷീറിന് 7,793 വോട്ട് അധികമായി ലഭിച്ചു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് 51,888 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലമേകിയത്. ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 35,209 വോട്ടാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. മുൻതിരഞ്ഞെടുപ്പുകളിൽ വേങ്ങര കട്ടയ്ക്ക് കൂടെ നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. അനിഷേധ്യ നേതാവിനായി ലീഗ് അണികളും സംഘടനാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. ലോക്‌സഭാംഗത്വം രാജിവച്ചതിൽ ലീഗിനുള്ളിൽ അടക്കമുള്ള അമർഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
പ്രചാരണത്തിൽ മുന്നിൽ
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നണികൾ ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. പോസ്റ്ററുകളും ബോർഡുകളും മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മണ്ഡലത്തിൽ തീർത്തും സുപരിചിതനാണ് കുഞ്ഞാലിക്കുട്ടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജിജി പുതുമുഖവും. സ്ഥാനാർത്ഥിയെ പരമാവധി ഇടങ്ങളിൽ പരിചയപ്പെടുത്തുന്നതിന് കുടുംബ കൺവെൻഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എൽ.ഡി.എഫ്. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവും ഫാസിസവുമാണ് ഇവിടങ്ങളിലെ ചർച്ച. ചെറുകുടുംബ കൺവെൻഷനുകളിലടക്കം സജീവമായി പങ്കെടുക്കുന്നുണ്ട് പി.കെ.കുഞ്ഞാലിക്കുട്ടി. സംസ്ഥാന സർക്കാരിന്റെ അഴിമതിയാണ് മുഖ്യചർച്ച. ഭൂരിപക്ഷത്തിലെ ഇടിവ് പോലും തിരിച്ചടിയായി വ്യാഖ്യാനിക്കാം എന്നതിനാൽ പഴുതടച്ചുള്ള പ്രചാരണങ്ങളിലാണ് യു.ഡി.എഫ് ക്യാമ്പ്. നില കൂടുതൽ മെച്ചപ്പെടുത്താൻ സംഘടനാതലത്തിൽ മൂന്ന് ജില്ലകൾ ഉൾപ്പെടുന്ന പാലക്കാട് മേഖല കമ്മിറ്റി പ്രസിഡന്റ് എം. പ്രേമനെ എൻ.ഡി.എ ഇറക്കുമ്പോൾ മത്സരം കൂടുതൽ ശക്തമാവും. ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി അനന്യ കുമാരി അലക്സിന്റെ സാന്നിദ്ധ്യവും വേങ്ങരയെ വേറിട്ടുനിർത്തുന്നു.
2017 ഉപതിരഞ്ഞെടുപ്പ്
കെ.എൻ.എ ഖാദർ (മുസ്ലിം ലീഗ്) - 65,227
അഡ്വ. പി.പി. ബഷീർ ( സി.പി.എം) - 41,917
അഡ്വ. കെ.സി. നസീർ (എസ്.ഡി.പി.ഐ) - 8,648
കെ.ജനചന്ദ്രൻ (ബി.ജെ.പി) - 5,728
ഭൂരിപക്ഷം - 23,310