bhhh
പൊന്നാനി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുബ്രമണ്യൻ ചുങ്കപ്പള്ളി(1) , യു.ഡി.എഫ് സ്ഥാനാർത്ഥി എ.എം രോഹിത്(2), എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. നന്ദകുമാർ(3)​ എന്നിവർ പ്രചാരണത്തിൽ

പൊന്നാനി: കത്തുന്ന ചൂടിൽ പൊള്ളുന്ന പോരാട്ടമാണ് പൊന്നാനിയിൽ. ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പിക്കാനാവാത്ത വിധം ശക്തം. തുടർച്ചയായ മൂന്നുവട്ടം ഇടതുപക്ഷത്തിനൊപ്പം നിന്ന പൊന്നാനി അതു തുടരുമോ, അതോ യു.ഡി.എഫിലേക്ക് മാറുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പ്രചാരണ രംഗത്ത് മുഴുവൻ സംഘടനാ ശേഷിയും പുറത്തെടുക്കുകയാണ് മുന്നണികൾ.

പൊതുപ്രവർത്തന രംഗത്തെ പരിചയസമ്പന്നതയും അനുഭവസമ്പത്തും മുന്നിൽ വച്ചാണ് ഇടതുമുന്നണി സ്ഥാനാർത്ഥി പി. നന്ദകുമാർ പ്രചാരണ രംഗത്തുള്ളത്. യുവത്വത്തെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം. രോഹിത് പ്രതിനിധാനം ചെയ്യുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയും പ്രചാരണം കൊഴുപ്പിക്കുന്നു. വോട്ട് കൂട്ടുകയല്ല , ജയിക്കുകയാണ് ലക്ഷ്യമെന്ന് ബി.ഡി.ജെ.എസിലെ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി അർത്ഥ ശങ്കക്കിടയില്ലാത്ത വിധം പറയുന്നു.

പരിചയസമ്പന്നതയും യുവത്വവും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ പൊന്നാനി ആരെ സ്വീകരിക്കുമെന്നത് പ്രവചനാതീതം. അതിവേഗത്തിലുള്ള പ്രചാരണ പരിപാടികളുമായാണ് മുന്നണികൾ മുന്നേറുന്നത്. സ്ഥാനാർത്ഥികൾ മൂന്നുവട്ട പ്രചാരണം പൂർത്തിയാക്കി. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ .

കണക്കിൽ പ്രതീക്ഷ

കണക്കുകളിലാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി സാദ്ധ്യമാക്കിയ വലിയ ഭൂരിപക്ഷം പരിക്കുകളില്ലാതെ പൊന്നാനി കടക്കാൻ സഹായിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ആർക്കും പിടികൊടുക്കാത്ത പൊന്നാനിയുടെ സ്വഭാവത്തിലാണ് യു.ഡി.എഫിന്റെ ആശ്വാസം. കോൺഗ്രസിന് മണ്ഡലത്തിലുളള സ്വാധീനം ചോർച്ചയില്ലാതെ വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. പൊന്നാനിയുടെ ഇടതുപക്ഷ മനസ്സ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കുമെന്ന് മറുപക്ഷവും വിലയിരുത്തുന്നു.

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 14650 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ശ്രീരാമകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ. പതിനായിരത്തിന് മുകളിലാണ് ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം. ഈ കണക്കുകൾ ഇടതുമുന്നണി പ്രതീക്ഷയായെടുക്കുമ്പോൾ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലുണ്ടായ ലീഡാണ് യു.ഡി.എഫ് തിരിച്ചുവരവിന്റെ സൂചനയായി കാണുന്നത്. പൊന്നാനി നഗരസഭയാണ് ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം നൽകുന്ന മേഖല. ഇവിടത്തെ ഭൂരിപക്ഷം അതുപോലെ നിലനിറുത്താനാണ് ഇടതുമുന്നണി കിണഞ്ഞു ശ്രമിക്കുന്നത്. നഗരസഭയിലെ എൽ.ഡി.എഫ് ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനായാൽ വിജയം ഉറപ്പെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.

വികസനം

കഴിഞ്ഞ 15 വർഷത്തിനിടെ പൊന്നാനി സാദ്ധ്യമാക്കിയ വികസനത്തിന് തുടർച്ച തേടിയാണ് എൽ.ഡി.എഫ് പ്രചാരണം. സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങളും വികസന രംഗത്തെ അശാസ്ത്രീയതയും വരച്ചു കാണിച്ചാണ് യു.ഡി.എഫ് വോട്ടർമാരുടെ മുന്നിലെത്തുന്നത്. വികസന, ക്ഷേമ പദ്ധതികളിലെ കേന്ദ്രസഹായം ചൂണ്ടിക്കാണിച്ചാണ് എൻ.ഡി.എയുടെ വോട്ടുതേടൽ. ദേശീയ സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യം പ്രചാരണത്തെ ആവേശക്കൊടുമുടിയിലാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ പ്രചാരണ രംഗത്തെ വീറുറ്റതാക്കി. വൻ ജനപങ്കാളിത്തമാണ് ഇരു യോഗങ്ങളിലുമുണ്ടായത്.

അടിയൊഴുക്കുകൾ

അടിയൊഴുക്കുകളെ മുന്നണികൾ ആശങ്കയോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലുണ്ടായ തർക്കങ്ങൾ അടിയൊഴുക്കായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങൾ തങ്ങൾക്കനുകൂലമാവുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എൻ. ഡി.എയിൽ ഇത്തവണ ബി.ഡി.ജെ.എസാണ് മത്സരിക്കുന്നത്. ബി.ജെ.പിക്ക് ക്രമാനുഗതമായ വോട്ടു വർദ്ധന പൊന്നാനിയിലുണ്ടായിട്ടുണ്ട്.

തീരദേശ വോട്ടുകളിൽ കണ്ണും നട്ടാണ് ഇരുമുന്നണികളുമുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കൈമെയ് മറന്നാണ് തീരദേശം സഹായിച്ചത്. അത് ഇത്തവണയുമുണ്ടാകുമെന്നു തന്നെയാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ടുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് തീരദേശത്തെ എങ്ങനെ തങ്ങൾക്കൊപ്പമാക്കാമെന്ന് തലപുകയ്ക്കുകയാണ് യു.ഡി.എഫ്.