
വള്ളിക്കുന്ന്: പതിവിലേറെ വീര്യമുണ്ട് വള്ളിക്കുന്നിലെ തിരഞ്ഞെടുപ്പ് പോരിന്. മൂന്ന് മുന്നണികൾക്കും കാര്യമായ സ്വാധീനമുള്ള മലപ്പുറം ജില്ലയിലെ ഏക മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ട് വള്ളിക്കുന്നിന്. 2011ൽ രൂപവത്കരിച്ച മണ്ഡലത്തിലെ മൂന്നാമത്തെ നിയമസഭ അങ്കമാണിത്. 2011ലെ ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ലീഗിന്റെ കെ.എൻ.എ ഖാദർ 18,122 വോട്ടിന് വിജയിച്ചു. 2016ൽ ലീഗിന്റെ പി.അബ്ദുൽ ഹമീദിന് ഭൂരിപക്ഷം 12,610 വോട്ടും. 1,37,484 വോട്ട് പോൾ ചെയ്തപ്പോൾ 59,720 വോട്ട് പി.അബ്ദുൽ ഹമീദിനും 47,110 വോട്ട് ഇടത് സ്ഥാനാർത്ഥി ഐ.എൻ.എല്ലിന്റെ ഒ.കെ. തങ്ങളും നേടി. ഇരട്ടിയോളം വോട്ടുകൾ നേടി ബി.ജെ.പി വലിയ മുന്നേറ്റം നടത്തി. 2011ൽ 11,099 വോട്ടെങ്കിൽ 2016ൽ കെ.ജനചന്ദ്രനിലൂടെ 22,887 വോട്ടായി വർദ്ധിപ്പിച്ചു. പി.ഡി.പി, എസ്.ഡി.പി.ഐ എല്ലാം മൂവായിരം വോട്ടിന് താഴെയാണ് നേടിയത്. ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണ നാട്ടുകാരൻ കൂടിയായ പീതാംബരൻ പാലാട്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മണ്ഡലത്തിൽ സുപരിചിതൻ കൂടിയായ പീതാംബരനിലൂടെ വോട്ട് വിഹിതം വലിയ തോതിൽ ഉയർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാമ്പ്. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൾ വഹാബാണ് ഇടതു സ്ഥാനാർത്ഥി. മണ്ഡലത്തിലെ പാണമ്പ്രയാണ് നാട്. നാട്ടിലെ ബന്ധങ്ങളും സൗഹൃദങ്ങളും വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. മണ്ഡലത്തിന്റെ സിറ്റിംഗ് എം.എൽ.എ എന്ന നിലയിലെ ബന്ധങ്ങളും മണ്ഡലത്തിൽ സുപരിചിതനാണെന്നതും മികവായി യു.ഡി.എഫും കണക്കുകൂട്ടുന്നു. 2011ലെ ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ അനുയോജ്യമായ സാഹചര്യമാണെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
ഓടിയോടി സ്ഥാനാർത്ഥികൾ
മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരിലും ഇത് പ്രകടമാണ്. പരമാവധി ഇടങ്ങളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ വിശ്രമമില്ലാതെ ഓടുകയാണ് സ്ഥാനാർത്ഥികൾ. കുടുംബ യോഗങ്ങളും ചെറുകവലകളും അങ്ങാടികളും കേന്ദ്രീകരിച്ചുള്ള യോഗങ്ങളും അവസാന ഘട്ടത്തിലാണ്. ഗൃഹസന്ദർശനങ്ങൾക്കും ഇതിനിടെ സമയം കണ്ടെത്തുന്നു. വോട്ട് അഭ്യർത്ഥനകൾ വീടുകളിൽ എത്തിക്കുന്ന സ്‌ക്വാഡ് വർക്കുകൾ സജീവമായിട്ടുണ്ട്. ചെറിയ വോട്ടുകൾ പോലും ഇത്തവണ നിർണ്ണായകമാണെന്നതിനാൽ വേനൽച്ചൂടിനെ വകവയ്ക്കാതെ വോട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണവും അഞ്ചുവർഷത്തെ വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫിന്റെ പ്രചാരണം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫും വോട്ട് തേടുന്നു. വിവാദങ്ങളെ പുറത്താക്കി വികസനത്തിലൂടെ വോട്ട് ചോദിക്കുമ്പോൾ ആചാരസംരക്ഷണവും സംസ്ഥാന സർക്കാരിന്റെ അഴിമതിയും എൻ.ഡി.എ ചർച്ചയാക്കുന്നു.
യു.ഡി.എഫിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. നേരത്തെ കോൺഗ്രസ് -ലീഗ് അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. 2011ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5,500ഓളം വോട്ടാണ് 2016ൽ കുറഞ്ഞത്. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞായിരുന്നു അബ്ദുൾഹമീദിന്റെ വള്ളിക്കുന്നിലേക്കുള്ള കടന്നുവരവ്. ലീഗ്- കോൺഗ്രസ് ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടായ സമയത്ത് ലീഗ് സെക്രട്ടറി സ്ഥാനത്തായിരുന്നു അബ്ദുൽ ഹമീദ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യു.ഡി.എഫിനുള്ളിൽ കൂടുതൽ ഐക്യമുണ്ടാക്കാൻ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് വള്ളിക്കുന്നിൽ രണ്ടം അങ്കത്തിലേക്ക് അബ്ദുൽഹമീദ് ഇറങ്ങിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 14,600 വോട്ടാണ് യു.ഡി.എഫിന്റെ ലീഡ്. ഇത് ഉയർത്താനാണ് ശ്രമം. മികച്ച സ്ഥാനാർത്ഥിയിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്.
ചെറുതല്ല ഒട്ടും
കോഴിക്കോട് വിമാനത്താവളം, കാലിക്കറ്റ് സർവകലാശാല, കിൻഫ്ര പാർക്ക്, ചേളാരി ഐ.ഒ.സി പ്ലാന്റ് തുടങ്ങി ജില്ലയിലെ തന്നെ പ്രമുഖ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന മണ്ഡലമാണിത്. ഇവിടങ്ങളിലെ ഏതൊരു വികസന പ്രവർത്തനങ്ങളും ജില്ല ഒട്ടാകെ ശ്രദ്ധിക്കപ്പെടും. അരിയല്ലൂർ കടപ്പുറത്ത് കടലാമകളുടെ പ്രജനനത്തിന്റെ പേരിൽ തീരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മണ്ഡലത്തിൽ സജീവ ചർച്ചയാവുന്നുണ്ട്. നേരത്തെ കടലാമകൾ മുട്ടിയിട്ടിരുന്നതിനാൽ ഇവിടെ ഇവയുടെ പ്രജനന കേന്ദ്രമാക്കി. വർഷങ്ങളായി ഇവിടെ കടലാമകൾ മുട്ടയിടാൻ എത്താറില്ല. കഴിഞ്ഞ വർഷം കടലാക്രമണത്തിൽ പ്രദേശത്തെ റോഡ് തകർന്നതോടെ ഇതു പുനർനിർമ്മിക്കുന്നതിൽ കടലാമ പ്രജനന കേന്ദ്രമെന്ന പദവി തടസ്സമായി. ഇതോടെ ദുരിതം പേറിയാണ് പ്രദേശത്തുകാരുടെ ജീവിതം. തീരപ്രദേശം ഉൾപ്പെടുന്ന മണ്ഡലത്തിൽ കടലാക്രമണവും കടൽഭിത്തി നിർമ്മാണവും അടക്കമുള്ള വിഷയങ്ങളും ചർച്ചയാവുന്നുണ്ട്.
2016ലെ തിരഞ്ഞെടുപ്പ് ഫലം
പി.അബ്ദുൾ ഹമീദ് ( ലീഗ്) - 59,720
അഡ്വ.ഒ.കെ.തങ്ങൾ (ഐ.എൻ.എൽ) - 47,110
കെ.ജനചന്ദ്രൻ (ബി.ജെ.പി) - 22,887
ഭൂരിപക്ഷം - 12,610