മലപ്പുറം:കൊവിഡ് കാരണം ഗൾഫ് സെക്ടറിൽ യാത്രക്കാർ കുറഞ്ഞതോടെ വിമാനക്കമ്പനികൾ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനേ കുറച്ചു.

ആർ.ടി.പി.സി.ആർ, ക്വാറന്റൈൻ നിബന്ധനകൾ ശക്തമാക്കിയതോടെ അത്യാവശ്യക്കാർ മാത്രമേ നാട്ടിലേക്ക് മടങ്ങുന്നുള്ളൂ. സ്വകാര്യ വിമാനക്കമ്പനികളടക്കം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. ഇന്നുമുതൽ അന്താരാഷ്ട്ര സർവീസുകളിൽ 879 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷാനിരക്കിലാണ് വ‌ർദ്ധന. യാത്രക്കാർ കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും വിമാനക്കമ്പനികൾ കുറച്ചതിനാൽ ഈ വർദ്ധന യാത്രക്കാരെ പ്രതികൂലമായി ബാധിക്കില്ല. എയർഇന്ത്യ എക്സ്‌പ്രസിൽ ദുബായ് - കോഴിക്കോട് ടിക്കറ്റ് 6,500 രൂപയ്ക്ക് കിട്ടും. സീസണിൽ 30,000 രൂപയ്ക്കു മുകളിലാവാറുണ്ട്. അബുദാബി - കോഴിക്കോട്:11,500, ദോഹ -കോഴിക്കോട്: 10,000, കുവൈറ്റ് - കോഴിക്കോട്: 15,000 എന്നിങ്ങനെയാണ് നിരക്ക്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും സമാന നിരക്കാണ്.

സാധാരണ സ്വകാര്യ വിമാനങ്ങളിൽ എയർ ഇന്ത്യയെക്കാൾ 1,000 രൂപയോളം അധികം നൽകേണ്ടിവരാറുണ്ട്. നിലവിൽ പല റൂട്ടിലും എയർ ഇന്ത്യയെക്കാൾ നിരക്ക് കുറവാണ്. ദുബായ് - കോഴിക്കോട് റൂട്ടിൽ ഇൻഡിഗോ 5,930, ഫ്‌ളൈ ദുബായ് 7,000, സ്പൈസ് ജെറ്റ് 6,000 എന്നിങ്ങനെയാണ് നിരക്ക്. ഫെബ്രുവരി മുതൽ ചെറിയ വർദ്ധനയേയുള്ളൂ. അതേസമയം കേരളത്തിൽ നിന്ന് ഗൾഫിലേക്ക് രണ്ടായിരത്തിലേറെ രൂപ അധികം നൽകണം. കേരളത്തിൽ കൊവിഡ് വർദ്ധിക്കുന്നതും ഗൾഫ് രാജ്യങ്ങൾ നിബന്ധനകൾ ശക്തമാക്കുമോയെന്ന ആശങ്കയും മൂലം നാട്ടിലെത്തിയവർ തിരിച്ചുപോവുന്നത് അവസരമാക്കിയാണിത്. കോഴിക്കോട് - ദുബായ് റൂട്ടിൽ 8,000 മുതൽ10,000 രൂപ വരെയാണ് വിവിധ വിമാനങ്ങളിലെ നിരക്ക്.