മലപ്പുറം: കൊവിഡ് വാക്സിനേഷൻ കൂടുതൽ പേർക്ക് നൽകുന്നതിനായി ജില്ലയിൽ മൂന്ന് സഞ്ചരിക്കുന്ന വാക്സിനേഷൻ യൂണിറ്റുകൾക്ക് ഇന്ന് തുടക്കമാകും. ഫെഡറൽ ബാങ്ക് അവരുടെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി അനുവദിച്ച മൂന്ന് വാഹനങ്ങളാണ് മൊബൈൽ വാക്സിനേഷനു വേണ്ടി ഉപയോഗിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ഇന്നുരാവിലെ 10ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്യും. ഓരോ വാഹനത്തിലും ഡോക്ടർ ഉൾപ്പടെയുള്ള ജീവനക്കാരും, അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ ദിവസവും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഓരോ സ്ഥലത്തും വാഹനം എത്തുകയും കുത്തിവയ്പ്പ് നൽകുകയും ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും സ്‌പോട്ട് രിജിസ്‌ട്രേഷൻ ചെയ്യുന്നവർക്കും മൊബൈൽ യൂണിറ്റുകളിൽ നിന്ന് കുത്തിവയ്പ്പെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനു www.cowin.gov.in എന്ന വെബ് പോർട്ടലിൽ സൗകര്യമുണ്ട്.
ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ ജില്ലയിലെ 45 വയസ് കഴിഞ്ഞ വ്യാപാരികൾ, വ്യവസായികൾ, ഡ്രൈവർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ 45 വയസ് കഴിഞ്ഞ കുടുംബാംഗങ്ങൾ എന്നിവർക്ക് ഈ യൂണിറ്റ് വഴി കുത്തിവയ്പ്പെടുക്കാനുള്ള സൗകര്യം ഒരുക്കിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇന്ന് രാവിലെ 11ന് മൊബൈൽ കുത്തിവെപ്പ് യൂണിറ്റുകൾ എത്തുന്ന സ്ഥലങ്ങൾ:
മലപ്പുറം: ബാങ്ക് ഹാൾ, കോട്ടക്കുന്ന് റോഡ്
വണ്ടൂർ :ജാഫർ മെഡിക്കൽ സെന്റർ, കാളികാവ് റോഡ്, വണ്ടൂർ
തിരൂർ: ജി.എം.യു.പി സ്‌കൂൾ തിരൂർ
മേൽ വിഭാഗത്തിൽപ്പെട്ടവർ ഈ കേന്ദ്രങ്ങളിലെത്തി കുത്തിവയ്‌പ്പെടുത്ത് സുരക്ഷിതരകാണമെന്ന് ഡി.എം.ഒ ഡോ.കെ. സക്കീന അറിയിച്ചു. വിവിധ സംഘടനകൾ, കൂട്ടായ്മകൾ, അസോസിയേഷനുകൾ തുടങ്ങിയവർക്ക് കുത്തിവയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9847183440, 9539063580 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.