iffk
കോസ സിനിമയിലെ ഒരു രംഗം

പാലക്കാട്: വർത്തമാനകാലത്ത് സാധാരണക്കാരനെ മാവോവാദികളാക്കുന്ന ഭരണകൂട ഭീകരതയ്ക്ക് നേരെ പിടിച്ച കണ്ണാടിയാണ് മോഹിത് പ്രിയദർശിയുടെ കോസ എന്ന ചിത്രം. സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവമാണ് കോസയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത്.

ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച കോസയെന്ന 17കാരനെ ഒരു പകൽ പൊലീസ് അപ്രതീക്ഷിതമായി കസ്റ്റഡിയിലെടുക്കുന്നു. രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും ഭരണകൂടം അവനെ മൂന്ന് സി.ആർ.പി.എഫ് ജവാന്മാരെ കൊന്ന മാവോയിസ്റ്റാക്കി ചിത്രീകരിക്കുകയും അറസ്റ്റ് രേഖപ്പെടുത്താതെ തുറങ്കിലടയ്ക്കുകയും ചെയ്യുന്നു. മകനെ കാണാനില്ലെന്ന പരാതിയുമായെത്തുന്ന അച്ഛനെ പൊലീസ് ആട്ടിയിറക്കുന്നു. ശേഷം കേശവ് എന്ന മാദ്ധ്യമപ്രവർത്തകനും സുഹൃത്ത് സൈറ എന്ന അഭിഭാഷകയും വിഷയത്തിലിടപെടുന്നു. 30കാരനായ മറ്റൊരു ഭീകരവാദിക്ക് പകരം ആളുമാറിയാണ് കോസയെ അറസ്റ്റ് ചെയ്യുന്നത്. ഇത് അഭിഭാഷക കോടതിയിൽ വ്യക്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ പരാജയപ്പെടുന്നു. മുൻവിധികളോടെ കേസുകളെ സമീപിക്കുന്ന ന്യായാധിപർ, ഉദ്യോഗസ്ഥർ, പൊലീസുകാർ, ഇവരുടെ ജിഹ്വയായ മാദ്ധ്യമപ്രവർത്തകർ എന്നിവരുടെ പൊയ്മുഖം വലിച്ചുകീറുന്നുണ്ട് ഈ ചിത്രം.

യഥാർത്ഥ ഭീകരവാദികൾക്ക് പകരം കൈയിൽ കിട്ടിയവരെ പ്രതികളാക്കി അവരുടെ ഭാവി ഇല്ലാതാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. സാധാരണക്കാരന് അർഹമായ നീതി ലഭിക്കാൻ ഏറെ അപമാനം സഹിക്കണമെന്ന സാമൂഹ്യ യാഥാർത്ഥ്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ കോസയ്ക്ക് ജാമ്യം ലഭിക്കുന്നുണ്ടെങ്കിലും. അടുത്ത രാത്രി വീട്ടിലെത്തുന്ന തണ്ടർബോൾട്ട് കോസയെ ഏകപക്ഷീയമായ ഏറ്റുമുട്ടൽ നടത്തി കൊലപ്പെടുത്തുകയാണ്. ആ രാത്രിയിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോസയുടെ സഹോദരിയെയും തണ്ടർബോൾട്ട് കൊണ്ടുപോകുന്നു. വനത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ കോസ പൊലീസിന്റെ വെടിയേറ്റ് മരിച്ചുവെന്ന വാർത്തയാണ് പിന്നീടവൾ അറിയുന്നത്. ഒരു വ്യാജ ഏറ്റുമുട്ടൽ കഥയുണ്ടാക്കി മാദ്ധ്യമങ്ങളും അത് പൊതുസമൂഹത്തെ വിശ്വസിപ്പിക്കുന്നു.

ഭരണകൂടവും കോർപ്പറേറ്റും കാടും മണ്ണും വെള്ളവും കുന്നും കൈക്കലാക്കി ജീവിക്കാനുള്ള അവകാശത്തെ കാർന്നുതിന്നുകയാണ്. ഈ ഭരണകൂട ഭീകരതയ്ക്കെതിരെയും അസമത്വത്തിനെതിരെയും പോരാടൻ ആഹ്വാനം ചെയ്താണ് ചിത്രം അവസാനിക്കുന്നത്. ഭഗത് സിംഗിനെ പോലെ അനീതികൾക്കെതിരെ ഇൻക്വിലാബ് മുഴക്കാൻ സമയമായെന്ന് സംവിധായകൻ പ്രേക്ഷകരെ ഓർമിപ്പിക്കുന്നു. പന്തീരങ്കാവ് യു.എ.പി.എ കേസും വയനാട്, നിലമ്പൂർ, അട്ടപ്പാടി മഞ്ചിക്കണ്ടി വെടിവെപ്പുമൊക്കെ മലയാള പ്രേക്ഷരുടെ മനസിലൂടെ ഫ്രേമുകളായി കടന്നുപോകുമെന്നത് ചിത്രത്തിന്റെ സമകാലിക പ്രസക്തിടെ തെളിവാണ്.