cctv

ചെർപ്പുളശ്ശേരി: നഗരത്തിൽ വർദ്ധിച്ചുവരുന്ന മോഷണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് വ്യാപാരികൾ. ഒറ്റപ്പാലം റോഡ് ജംഗ്ഷൻ, ബസ് സ്റ്റാന്റ്, ഹൈസ്‌കൂൾ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. മൂന്നിടങ്ങളിലായി വ്യത്യസ്ത ദിശകളിൽ സ്ഥാപിച്ച ഒമ്പത് ക്യാമറകൾ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

അടുത്തിടെയായി നഗരത്തിലെ വിവിധ കച്ചവട സ്ഥാപനങ്ങളിലുണ്ടായ മോഷണങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. കടകളിലെ സി.സി.ടി.വി കാമറകൾ ഉൾപ്പടെ മോഷ്ടാക്കൾ തകർത്തിരുന്നു. ഈ കേസിനൊന്നും തുമ്പുണ്ടാക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സമൂഹത്തിന് കൂടി ഉപകാരപ്പെടുന്ന തരത്തിൽ ക്യാമറകൾ സ്ഥാപിക്കാൻ വ്യാപാരികൾ മുന്നോട്ടു വന്നത്. ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ 24 മണിക്കൂറും നഗരം പോലീസ് നിരീക്ഷണത്തിലാകും.

ഉദ്ഘാടനം നാലിന്

കെ.വി.വി.ഇ.എസ് ബാബു കോട്ടയിൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. നാലിന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ പി.കെ.ശശി എം.എൽ.എ ക്യാമറകൾ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എ.ഹമീദ് അറിയിച്ചു. നഗരസഭാദ്ധ്യക്ഷൻ പി.രാമചന്ദ്രൻ, ഡിവൈ.എസ്.പി ഇ.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.