kuthira
അനീഷിന്റെ വീട്ടിലെ കുതിര മാളു പ്രസവിച്ച കുട്ടിയോടൊപ്പം.

മണ്ണാർക്കാട്: കുട്ടിക്കുറുമ്പുമായി ബ്രൗണി ചുറ്റും നടക്കുന്നതുകണ്ട് നിർവൃതിയാർന്ന മനസുമായി അമ്മ മാളു. ഒപ്പം വീട്ടിലേക്ക് പുതിയൊരു അതിഥി വന്ന സന്തോഷത്തിലാണ് അരക്കുപറമ്പ് ശ്രുതിലയത്തിൽ അനീഷും കുടുംബവും.

അനീഷിന്റെ വീട്ടിലെ മാളു എന്ന കുതിരയാണ് കുഞ്ഞിന് ജന്മം നൽകിയത്. മണ്ണാർക്കാട് താമസിച്ചിരുന്ന അനീഷ് അടുത്ത കാലത്താണ് അരക്കുപറമ്പിലേക്ക് താമസം മാറിയത്. വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന അനീഷും ഭാര്യ മിനിയും മൂന്നുമാസം മുമ്പാണ് മഹാരാഷ്ട്രയിൽ നിന്ന് കുതിരയെ വാങ്ങിയത്.

നേരത്തെ വാങ്ങാൻ ധാരണയായെങ്കിലും കൊവിഡ് കാലമായതിനാൽ ഗതാഗത സൗകര്യം കുറവായതിനാലാണ് കൊണ്ടുവരാൻ താമസം നേരിട്ടത്. മാളു എന്ന ഓമനപ്പേരിട്ട കുതിര വീട്ടുകാരുടെയും അയൽക്കാരുടെയും ഇഷ്ടതാരമായി.

ഇന്നലെ രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് മാളു പ്രസവിച്ച വിവരമറിയുന്നത്. ഇടക്കിടെ അമ്മയുടെ പാൽ കുടിച്ചും തുള്ളിച്ചാടിയും ബ്രൗണി പുത്തൻ ലോകത്തേക്കുള്ള വരവ് ആഘോഷിക്കുമ്പോൾ കണ്ടുനിൽക്കുന്നവരുടെ മനസും വാത്സല്യത്താൽ നിറയുന്നു. മണ്ണാർക്കാട് സെന്റ് ഡൊമിനിക് സ്‌കൂൾ അദ്ധ്യപികയാണ് മിനി. അനീഷ് വയലിനിസ്റ്റാണ്.

ശ്രദ്ധയോടെ പരിചരണം

കുതിരക്ക് വയർ കൂടുതലായി തോന്നിയിരുന്നെങ്കിലും ഗർഭിണിയാണെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. എങ്കിലും ശ്രദ്ധയോടെ പരിചരിച്ചിരുന്നു. ബ്രൗൺ കളർ കുഞ്ഞിന് ബ്രൗണി എന്ന് പേരിട്ടു. ഗോതമ്പ്, തവിട്, ചോളപ്പുല്ല്, പഴവർഗങ്ങൾ എന്നിവയാണ് മാളുവിന്റെ തീറ്റ. നിരവധി പേരാണ് ബ്രൗണിയെയും മാളുവിനെയും കാണാനെത്തുന്നത്. പലരും കുഞ്ഞിനെ വിൽക്കുമോ എന്നന്വേഷിക്കുന്നു. പുതിയ അതിഥിയെ ഒപ്പം നിറുത്താനാണ് നിലവിലെ തീരുമാനം.

-അനീഷ്.