
460 കോടി ചിലവഴിച്ച് നവീകരിച്ച പാത ട്രെയിൻ സർവീസില്ലാതെ അനാഥം.
കൊല്ലങ്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട്-പൊള്ളാച്ചി റെയിൽപാതയും ട്രെയിൻ സർവീസും പ്രചരണ വിഷയങ്ങളിൽ പ്രധാന ചർച്ചയാകും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചർച്ചയായതോടെ ഇതുവഴി കൂടുതൽ സർവീസ് ആരംഭിക്കുന്നതിന് പാലക്കാട് ജംഗ്ഷനിൽ പിറ്റ് ലൈൻ വേണമെന്ന നിലപാടിലായിരുന്നു റെയിൽവേ. വി.കെ.ശ്രീകണ്ഠൻ എം.പി വിഷയം പാർലമെന്റിൽ ഉന്നയിച്ചെങ്കിലും മതിയായ ഫണ്ടനുവദിക്കാത്തതിനാൽ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല.
മധുര ഡിവിഷന്റെ കീഴിൽ മീറ്റർ ഗേജിലായിരുന്നപ്പോൾ പാതയിൽ ട്രെയിൻ യാത്രയുടെ സുവർണ്ണ കാലമായിരുന്നു. ഒരു സൂപ്പർഫാസ്റ്റ് (പാലക്കാട്-രാമേശ്വരം) ഉൾപ്പെടെ നാല് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തി. 2008 ഡിസംബറിൽ ബ്രോഡ് ഗേജിനായി സർവീസ് നിറുത്തി. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഏഴുവർഷം കഴിഞ്ഞ് 2015 നവംബറിലാണ് പദ്ധതി യാഥാർത്ഥ്യമായത്. ഇതോടെ ഇതുവഴിയുള്ള പാസഞ്ചർ ട്രെയിനുകളുടെ ഓട്ടത്തിന് ചുവപ്പ് സിഗ്നലും വീണു. ആറുവർഷം പിന്നിട്ടിട്ടും ഇതുവഴി യാത്രക്കാർക്ക് സൗകര്യപ്രദമായ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേയ്ക്കായില്ല.
നെന്മാറ മണ്ഡലത്തിലൂടെയാണ് പാത പ്രധാനമായും കടന്നുപോകുന്നത്. കൊടുവായൂർ, പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട്, മുതലമട, പല്ലശ്ശന, എലവഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ വികസനം നിരത്തുമ്പോൾ പാലക്കാട്-പൊള്ളാച്ചി പാത ഏറെ ചർച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.
ട്രിച്ചി നിലച്ചു; ചെന്നൈയ്ക്ക് സ്റ്റോപ്പില്ല
തിരുവനന്തപുരം-പൊള്ളാച്ചി അമൃത എക്സ്‌പ്രസ് മധുര വരെ നീട്ടിയതല്ലാതെ പുതിയ ട്രെയിൻ സർവീസ് തുടങ്ങാനോ പാതയിലെ സ്റ്റേഷനുകളിൽ കൂടുതൽ സ്റ്റോപ്പ് അനുവദിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓടിയിരുന്ന ട്രിച്ചി ട്രെയിൻ നിറുത്തലാക്കി. മാർച്ചോടെ പാലക്കാട്-ചെന്നൈ എക്സ്‌പ്രസ് പൊള്ളാച്ചി വരെയാക്കി യാത്ര തുടരുമെന്നും പറയുന്നു. കോടികൾ ചിലവഴിച്ച് ഡിണ്ടിഗൽ മുതൽ പാലക്കാട് വരെ വൈദ്യുതീകരണം പുരോഗമിക്കുകയാണ്.