അമ്പലപ്പാറ: വളർത്തുമൃഗങ്ങൾക്ക് ചികിത്സ ആവശ്യമായി വന്നാൽ ചുനങ്ങാടും വേങ്ങശേരിയിലുമുള്ളവർക്ക് അമ്പലപ്പാറ മൃഗാശുപത്രിയെ ആശ്രയിക്കണം. രണ്ട് പ്രദേശത്തുള്ളവർക്കും ഇവിടെയെത്താൻ ചുരുങ്ങിയത് ഏഴ് കി.മീ സഞ്ചരിക്കണം. അതാണെങ്കിലോ ഭാരിച്ച ചിലവുമാണ്.
രണ്ട് പ്രദേശത്തും ഓരോ സബ് സെന്ററുകൾ വരണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം. ജില്ലയിലെ വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ് അമ്പലപ്പാറ. 400 ഹെക്ടറിലധികം സ്ഥലത്താണ് പഞ്ചായത്തിൽ കൃഷി നടക്കുന്നത്. ഇതിന് അനുബന്ധമായി 1800ൽ അധികം കറവപ്പശുക്കളും, ആട്-കോഴി വളർത്തലും സജീവമാണ്. കൃത്രിമ ബീജധാരണം, വിരമരുന്ന്, ബാഹ്യപരാദ പ്രതിരോധ മരുന്നുകൾ, പ്രഥമ ശുശ്രൂഷ മരുന്നുകൾ എന്നിവക്കെല്ലാം ആശ്രയം അമ്പലപ്പാറയിലെ ആശുപത്രി മാത്രമാണ്.
ചർമമുഴ, കുളമ്പുരോഗം, അജീർണം, ചെള്ളുപനി, വാതം, അകിടുവീക്കം തുടങ്ങിയ അസുഖങ്ങളാണ് കന്നുകാലികൾക്ക് പ്രധാനമായും ബാധിക്കാറുള്ളത്. ചികിത്സ ലഭ്യമാക്കണമെങ്കിൽ ഒന്നുകിൽ ആശുപത്രിയിലെത്തണം അല്ലെങ്കിൽ ഡോക്ടർ വീട്ടിലേക്കെത്തണം. ഇതിനൊക്കെ പരിഹാരമാകണമെങ്കിൽ സബ് സെന്റർ വരണം.
പരിഹാരം കാണും
ചുനങ്ങാടും വേങ്ങശേരിയിലും സബ് സെന്റർ ആരംഭിക്കുന്നതിന് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ സ്ഥലവും കെട്ടിടവും സജ്ജമാക്കും. അമ്പലപ്പാറ മൃഗാശുപത്രി മികച്ച നിലവാരത്തിലേക്കുയർത്തും. ഇതിന് 20 ലക്ഷം ബഡ്ജറ്റിൽ വകയിരുത്തി. 25 സെന്റ് സ്ഥലം മൃഗാശുപത്രിക്ക് സ്വന്തമായുണ്ട്. ലബോറട്ടറി അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും.
-പി.വിജയലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ്.