
പാലക്കാട്: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള സംയുക്ത സമര സമിതി നടത്തിയ 12 മണിക്കൂർ വാഹന പണിമുടക്ക് പൊതുഗതാഗതം നിശ്ചലമാക്കി. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല.
കെ.എസ്.ആർ.ടി.സി കോയമ്പത്തൂരിലേക്കും കോഴിക്കോട്ടേക്കും ഓരോ ബോണ്ട് സർവീസ് നടത്തി. ഓട്ടോ-ടാക്സികൾ ഭൂരിഭാഗവും ഓടിയില്ല. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയത് മൂലം പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. കടകൾ തുറന്നെങ്കിലും തിരക്ക് കുറവായിരുന്നു.
പരീക്ഷകൾ മാറ്റിവെച്ചത് വിദ്യാർത്ഥികൾക്ക് ആശ്വാസമായി. ബി.എം.എസ് ഒഴികെയുള്ള സംഘടനകൾ വിവിധ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി.
വരുമാനം ഇടിഞ്ഞു
പണിമുടക്ക് കെ.എസ്.ആർ.ടി.സി.യുടെ വരുമാനത്തെ സാരമായി ബാധിച്ചു. തിങ്കളാഴ്ച പാലക്കാട് ഡിപ്പോയിൽ 11,44,806, മണ്ണാർക്കാട്- 2,59,265, വടക്കഞ്ചേരി- 2,51,114, ചിറ്റൂർ- 3,39,978 രൂപ എന്നിങ്ങനെയായിരുന്നു വരുമാനം. ഇന്നലെ വൈകിട്ട് ആറിന് ശേഷം നടത്തിയ ചുരുക്കം സർവീസുകളുടെ വരുമാനം മാത്രമാണ് ലഭിച്ചത്.