g

പാലക്കാട്: പെട്രോളിയം വില വർദ്ധന മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് കൂടുതൽ ഇരുട്ടടിയായി പാചകവാതക വിലയിലും തുടർച്ചയായ വർധന. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന് 25ഉം വാണിജ്യാവശ്യത്തിനുള്ള 19 കിലോ സിലിണ്ടറിന് 96ഉം രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. ഇതോടെ ജില്ലയിൽ ഗാർഹിക സിലിണ്ടറിന്റെ വില 83ഉം വാണിജ്യ സിലിണ്ടറിന് 1640ഉം രൂപയായി ഉയർന്നു. ഇതോടെ വീട്ടുബഡ്ജറ്റ് താളം തെറ്റിയതിന് പുറമേ ഹോട്ടൽ വ്യവസായവും കടുത്ത പ്രതിസന്ധിയിലായി.

രണ്ട്, മൂന്ന് സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് പ്രതിദിനം പാചക വാതകത്തിന് മാത്രം 1000 മുതൽ 1500 രൂപ അധിക ചെലവുണ്ട്. ഏഴ്-എട്ട് സിലിണ്ടറുപയോഗിക്കുന്ന വലിയ ഹോട്ടലുകൾക്ക് 4000-5000 രൂപയും അധിക ചെലവാണ്. അവശ്യ സാധനങ്ങൾക്കെല്ലാം വില കൂടിയതിനൊപ്പം ജീവനക്കാർക്ക് വേതനം വർദ്ധിപ്പിക്കേണ്ട സ്ഥിതിയും സംജാതമായി.

ഭക്ഷണ വില കൂട്ടേണ്ടി വരും

എല്ലാത്തിനും തീവിലയായ സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണ വില ചെറിയ തോതിലെങ്കിലും വർദ്ധിപ്പിച്ചാൽ മാത്രമേ മേഖല മുന്നോട്ടുപോകൂ. ഇല്ലെങ്കിൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരും. മൂന്നുമാസത്തിനിടെ 376 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂടിയത്.

-എൻ.അബ്ദുൾ റസാഖ്, എൻ.എം.ആർ ഹോട്ടൽ ഉടമ, കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ്.