
പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ പാലക്കാട്ട് മത്സരിക്കാൻ ഡി.സി.സി മുൻ പ്രസിഡന്റ് എ.വി.ഗോപിനാഥ്. പിന്തുണ സംബന്ധിച്ച് സി.പി.എം നേതൃത്വവുമായി ചർച്ച നടന്നതായാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിലെ അതൃപ്തിയാണ് ഗോപിനാഥിന്റെ വിമത റോളിനു പിന്നിൽ. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച നെന്മാറ സീറ്റ് ഗോപിനാഥ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഘടകകക്ഷിയായ സി.എം.പിക്ക് ഇവിടെ ടിക്കറ്റ് നൽകാനാണ് യു.ഡി.എഫ് തീരുമാനം.
ദീർഘനാളായി നേതൃത്വവുമായി ഭിന്നതയിൽ കഴിയുന്ന ഗോപിനാഥിനെ പല സംഘടനാ ചുമതലകളിൽ നിന്നും നീക്കിയിരുന്നു. ഇതോടെ, കോൺഗ്രസിന്റെ പൊതുവേദികളിൽ നിന്നെല്ലാം അദ്ദേഹം വിട്ടുനിന്നു. എ, ഐ ഗ്രൂപ്പു തർക്കം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 2011ൽ ഷാഫി പറമ്പിലിനെ പാലക്കാട്ട് മത്സരിപ്പിച്ചത്, ഗോപിനാഥിനായി പോസ്റ്ററുകൾ വരെ അച്ചടിച്ച ശേഷമാണ്.
ഗോപിനാഥിന് പിന്തുണ നൽകുന്ന കാര്യത്തിൽ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും വിജയ സാദ്ധ്യതയാണ് മാനദണ്ഡമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. ഗോപിനാഥുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കോൺഗ്രസ് വിട്ട് പുറത്തുവരട്ടെയെന്നും ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറഞ്ഞു.
 തരൂർ സീറ്റിനെച്ചൊല്ലി സി.പി.എമ്മിൽ ഭിന്നത
തരൂരിൽ മന്ത്രി എ.കെ.ബാലനു പകരം ഭാര്യ ഡോ. പി.കെ. ജമീലയെ മത്സരിപ്പിക്കാൻ സി.പി.എം നീക്കം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയും പട്ടികയിലുണ്ട്. ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിനെ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ ഒരു വിഭാഗം എതിർത്തു.
വി.എസ്.അച്യുതാനന്ദൻ ഒഴിയുന്ന മലമ്പുഴയിൽ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെയും വി.എസിന്റെ വിശ്വസ്തനായ എ. പ്രഭാകരന്റെയും പേരാണുള്ളത്. എം.ബി. രാജേഷിന്റെയും ഡി.വൈ.എഫ്.ഐ നേതാവ് രാജേഷ് പട്ടത്തിന്റെയും പേരാണ് തൃത്താലയിൽ. കോങ്ങാട്ടെ ലിസ്റ്റിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമോദിനൊപ്പം ശാന്തകുമാരിയും ഉൾപ്പെടുന്നു. ഷൊർണൂരിൽ പി.കെ.ശശി, ഒറ്റപ്പാലത്ത് പി. ഉണ്ണി, ആലത്തൂരിൽ കെ.ഡി. പ്രസേനൻ, നെന്മാറയിൽ കെ.ബാബു എന്നിവർ വീണ്ടും ജനവിധി തേടും.