ചിറ്റൂർ: പാചകവാതക വില വർദ്ധന സാധാരണക്കാരെ വലയ്ക്കുമ്പോൾ വീട്ടമ്മമാർ വിറകടുപ്പിലേക്കും ചൂട്ടടുപ്പിലേക്കും തിരിയുന്നു. കടകളിൽ ചൂട്ടടുപ്പുകൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. പെട്രോളിയം വില വർദ്ധനവിനെ തുടർന്നുള്ള നിത്യോപയോഗ സാധനൾക്കും തീപിടിച്ച വിലയാണ്. ഇതോടെയാണ് വിറകടുപ്പ് വീണ്ടും പുകച്ച് കുടുംബ ബഡ്ജറ്റ് പിടിച്ചുനിറുത്താനുള്ള ശ്രമം ഇടത്തരക്കാർ തുടങ്ങിയത്.
സൗകര്യപ്രദം
ഏറെപ്പേരും ചൂട്ടടുപ്പിനെയാണ് ആശ്രയിക്കുന്നത്. ഏതുതരം വിറകും ഇതിൽ കത്തിക്കാം. വിറക് വളരെ കുറച്ചു മതിയെന്ന ഗുണമുണ്ട്. സൗകര്യപ്രദമായ ഏതു സ്ഥലത്തും മാറ്റി വച്ചുപയോഗിക്കാം. ചൂട്ടടുപ്പ് സിംഗിൾ 250ഉം ഡബിൾ 450ഉം പുകയില്ലാ അടുപ്പിന് 700ഉം രൂപയാണ് വിലയെന്ന് കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഹൈസ്‌കൂളിന് മുന്നിൽ നാലുവർഷമായി മൺപാത്ര കച്ചവടം നടത്തുന്ന ജയറാം പറഞ്ഞു.