g

ഷൊർണൂർ: ഒരുകാലത്ത് വലിയ തൊഴിൽ മേഖലകളിൽ ഒന്നായിരുന്നു സ്വർണാഭരണ നിർമ്മാണ രംഗം. മേഖലയിൽ പരമ്പരാഗത തൊഴിലാളികൾ ഏറെയായിരുന്നു. കരവിരുത് കൈമുതലായ ഈ തൊഴിലാളികൾ കൂലി സ്വർണമായാണ് കൈപ്പറ്റിയിരുന്നത്. അത്ര സമ്പന്നവും നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നിർണായക ഘടകങ്ങളിലൊന്നായി നിലകൊള്ളുകയും ചെയ്ത ഇവർ ഇന്ന് ജീവിതം വിളക്കിച്ചേർക്കാനാകാതെ പാടുപെടുന്നു.

മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറമാണ് മേഖലയുടെ തകർച്ച തുടങ്ങുന്നത്. 1991ൽ നവലിബറൽ നയങ്ങൾ സ്വീകരിച്ചതിന്റെ ഭാഗമായി സ്വർണാഭരണ ഇറക്കുമതി തുടങ്ങിയതോടെ പ്രതിസസന്ധി തുടങ്ങി. ഒരുസമയം രണ്ടുലക്ഷം പേരാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നത്. സാമ്പത്തികമായി മികച്ച തൊഴിലായി കണക്കാക്കി പുതിയ നിരവധി പേർ സ്വർണപ്പണിക്കെത്തി. റെഡിമെയ്ഡ് ആഭരണ വിപണി കൊഴുത്തതോടെ നിരവധി പേർക്ക് തൊഴിലുപേക്ഷിക്കേണ്ടി വന്നു. ഇന്ന് ആയിരക്കണക്കിന് പേർ പിടിച്ചുനിൽക്കാൻ ശ്രമം തുടരുന്നു.

മുമ്പ് 100 ഗ്രാം സ്വർണം നൽകിയാൽ 90 ഗ്രാമിന്റെ ആഭരണം നൽകണം. വെയ്സ്റ്റ് ഉൾപ്പെടുന്ന ബാക്കി പത്തുഗ്രാം കൂലിയായി എടുക്കും. ഇന്ന് 12 മണിക്കൂർ കുത്തിയിരുന്ന് പണിതാൽ ആയിരം രൂപ പോലും ലഭിക്കില്ല. തുച്ഛമായ വേതനത്തിന് അയൽ സംസ്ഥാനത്ത് നിന്ന് തൊഴിലാളികളെത്തിയതും പരമ്പരാഗത തൊഴിലാളികളുടെ പ്രതിസന്ധി സങ്കീർണമാക്കി.

ഇളക്കത്താലി, മേക്കാമോതിരം, പാലക്കാ മാല തുടങ്ങിയ പ്രത്യേക ഇനങ്ങൾ ചെയ്യുന്നവർക്കാണ് അല്പം മേൽക്കൈ. ഇവർക്ക് ഒന്നര മുതൽ രണ്ട് ഗ്രാം വരെയാണ് കൂലി. വില കൂടിയതോടെ സാധാരണക്കാർ സ്വർണാഭരണം വാങ്ങുന്നത് കുറഞ്ഞു. അമ്പലങ്ങളിലേക്കുള്ള വഴിപാടു സാമഗ്രികൾക്ക് മാത്രമാണ് ഭൂരിഭാഗം പേരും തങ്ങളെ തേടിയെത്തുന്നതെന്നാണ് തൊഴിലാളികൾ പറയുന്നു.

ചെറുകിട വ്യാപാരികളും പ്രതിസന്ധിയിൽ

വൻകിട സ്വർണ വ്യാപാരികളുടെ മത്സരങ്ങൾക്കിടയിൽ ചെറുകിടക്കാർ വീർപ്പുമുട്ടുകയാണ്. ഇത്തരം ആഭരണ ശാലകളാണ് പരമ്പരാഗത സ്വർണപ്പണിക്കാരുടെ ആശ്രയം. നോട്ടുനിരോധനം വലിയ പ്രതിസന്ധിയിലേക്കാണ് ഇവരെ തള്ളിവിട്ടത്. കൂടാതെ ജി.എസ്.ടിയിലേക്കുള്ള മാറ്റവും. കോമ്പൗണ്ടിംഗ് സംവിധാനത്തിൽ ലഭിച്ചിരുന്ന തുക പോലും നികുതിയിനത്തിൽ ലഭിക്കുന്നില്ല. 40,000 കോടിയുടെ വാർഷിക വ്യാപാരം നടക്കുന്നെന്ന കണക്കിനെ അടിസ്ഥാനമാക്കിയാൽ ലഭിക്കേണ്ട നികുതിയുടെ മൂന്നിൽ ഒന്ന് മാത്രമാണിപ്പോൾ സർക്കാരിന് ലഭിക്കുന്നത്.

സ്വർണക്കള്ളക്കടത്ത് വളരെ കൂടുതലുള്ള സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 6,000 കിലോ അനധികൃത സ്വർണമാണ് വിവിധ സർക്കാർ ഏജൻസികൾ പിടികൂടിയത്. എന്നാൽ ആയിരം ടൺ സ്വർണം അനധികൃതമായി കേരളത്തിൽ എത്തുന്നെന്നാണ് ഈ രംഗത്തെ നിരീക്ഷിക്കുന്നവർ പറയുന്നത്. പക്ഷേ ചെറുകിട വ്യാപാരികൾക്കും അവരെ ആശ്രയിക്കുന്ന തൊഴിലാളികൾക്കും അതിന്റെ ഫലമില്ല. ജനുവരി മുതൽ 916 ബി.ഐ.എസ് ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയതും തിരിച്ചടിയാകാൻ പോകുന്നത് ഇവർക്ക് തന്നെയാണ്.