v

പാലക്കാട്: നഗരത്തിലെ പ്രശസ്തമായ മണപ്പുള്ളിക്കാവ് വേല ഇന്ന് ആഘോഷിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരാമ്പരാഗത ചടങ്ങുകൾക്ക് കോട്ടം തട്ടാതെയാണ് ഇത്തവണത്തെ വേലാഘോഷം. അലങ്കാരം, വണ്ടിവേഷം എന്നിവ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആനകളുടെ എണ്ണം കുറച്ച് എഴുന്നള്ളിപ്പ് നടത്തുന്നതിന് ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.

കിഴക്കേ യാക്കര മണപ്പുള്ളിക്കാവിൽ നിന്ന് മൂന്നാനകളെയും പടിഞ്ഞാറെ യാക്കര കൊപ്പം, വടക്കന്തറ, മുട്ടിക്കുളങ്ങര, കള്ളിക്കാട് ദേശ വേലകൾക്ക് ഓരോ ആനകളെ വീതവും എഴുന്നള്ളിക്കും.

കിഴക്കേ യാക്കര മണപ്പുള്ളിക്കാവിൽ രാവിലെ 9.30ന് കാഴ്ചശീവേലി, വൈകിട്ട് നാലിന് കോട്ടമൈതാനത്തേക്ക് നഗര പ്രദക്ഷിണം. അഞ്ചിന് കോട്ടമൈതാനത്ത് എത്തി രാത്രി ഒമ്പതോടെ കാവുകയറും. തുടർന്ന് പഞ്ചാരിമേളം നടക്കും. പടിഞ്ഞാറെ യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം കാഴ്ചശീവേലിയും പഞ്ചവാദ്യവും ഉണ്ടാകും. വൈകിട്ട് ആറിന് കോട്ടമൈതാനത്ത് കൊപ്പം, വടക്കന്തറ, മുട്ടികുളങ്ങര, കള്ളിക്കാട് ദേശവേലകളുമായി സംഗമിക്കും. കൊപ്പം മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം പത്തിന് കാഴ്ചശീവേലി നടക്കും. വൈകിട്ട് കതിർക്കുടയുമായി കോട്ടമൈതാനത്ത് എഴുന്നള്ളത്ത്. കോട്ടമൈതാനത്ത് എത്തി പടിഞ്ഞാറെ യാക്കര, വടക്കന്തറ മുട്ടിക്കുളങ്ങര ദേശ വേലകളുമായി സംഗമിച്ച് തിരിച്ചെഴുന്നള്ളും.

വടക്കന്തറ, മുട്ടിക്കുളങ്ങര, കള്ളിക്കാട് ഇതര ദേശങ്ങളുടെ എഴുന്നള്ളത്ത് വൈകിട്ട് മൂന്നിന് ശേഷം ആരംഭിച്ച് കോട്ടമൈതാനത്ത് എത്തി കൊപ്പം, പടിഞ്ഞാറെ യാക്കര വേലകളുമായി അണിനിരക്കും. തുടർന്ന് യാക്കര ക്ഷേത്രത്തിലെത്തി തിരിച്ചെഴുന്നള്ളും. പടിഞ്ഞാറെ യാക്കര മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് രാവിലെ പൂജയ്ക്ക് ശേഷം ഒമ്പതിന് ഭഗവതിയുടെ വാളും പീഠവും മണപ്പുള്ളിക്കാവിലേക്ക് എഴുന്നള്ളിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ചടങ്ങ് നടക്കുക.

ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.