con

കൊല്ലങ്കോട്: നിയമസഭാ തിരഞ്ഞെടുപ്പടുത്തതോടെ കോൺഗ്രസിൽ നെന്മാറ സീറ്റിനായി കലാപക്കൊടിയുമായി പ്രാദേശിക നേതാക്കൾ രംഗത്ത്. ഘടകകക്ഷിയായ സി.എം.പി.ക്ക് സീറ്റ് നൽകുന്നതിൽ എതിർപ്പ് രൂക്ഷമായി. കഴിഞ്ഞ ദിവസം എ.വി.ഗോപിനാഥ് പാലക്കാട് വിമത സ്വരമുയർത്തിയതിന് പിന്നാലെ യൂത്ത്‌ കോൺഗ്രസും അവഗണനയ്ക്കെതിരെ രംഗത്തെത്തി.

മണ്ഡലത്തിൽ പലയിടത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സി.സി.സുനിലിന്റെ ഫോട്ടോ വെച്ചുള്ള പോസ്റ്ററുകൾ നിരന്നിട്ടുണ്ട്. 'നമ്മളിൽ ഒരാൾ വരട്ടെ, തിരുത്താം തിരിച്ചു പിടിക്കാം" എന്ന് പോസ്റ്ററിൽ ആലേഖനം ചെയ്തിരിക്കുന്നു. എന്നാൽ ഇതാരാണ് പതിച്ചതെന്ന് വ്യക്തമല്ല. യുവാക്കളെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി അവഗണിക്കുന്നെന്ന വിമർശനം പാർട്ടിയിൽ ഉയരുന്നുണ്ട്.

നെന്മാറയിൽ പാർട്ടി സ്ഥാനാർത്ഥിയെ നിറുത്തണമെന്നും ജില്ലക്ക് പുറത്തുനിന്നും ഘടകകക്ഷിയിൽ നിന്നും സ്ഥാനാർത്ഥി വേണ്ടെന്നുമാണ് പ്രാദേശിക വികാരം. സി.എം.പി.ക്ക് സീറ്റ് നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് വനിതാ നേതാവ് അഡ്വ.ശില്പ സോഷ്യൽ മീഡയയിൽ അഭിപ്രായം രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. കൊല്ലങ്കോട്ടെ മുതിർന്ന നേതാവായ കെ.പി.ഗംഗാധരമേനോന്റെ മരണത്തോടെ തുടങ്ങിയ അധികാര തർക്കത്തിന് ഇനിയും പരിഹാരം കാണാനായിട്ടില്ല.
എ വി.ഗോപിനാഥ് കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ ജാതിയെ ചൊല്ലി ഒരു വിഭാഗം വിട്ടുനിന്നതും തോൽക്കാൻ കാരണമായെന്ന് ആക്ഷേപമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് കൊല്ലങ്കോട് പഞ്ചായത്ത് ഭരണം കൈയകലത്തിൽ നിന്ന് വഴുതിപ്പോകുകയും ചെയ്തു.