
പാലക്കാട്: തിരഞ്ഞെടുപ്പിൽ ഭാര്യ ഡോ.പി.കെ.ജമീല മത്സരിക്കില്ലെന്നും മറിച്ചുള്ള പ്രചാരണം ആരുടെയോ തിരക്കഥയാണെന്നും മന്ത്രി എ.കെ.ബാലൻ. പ്രചാരണം ശുദ്ധ അസംബദ്ധമാണ്. പ്രാഥമിക ചർച്ചയിൽ ആരുടെ പേരും വരാം.ഒരു തിരക്കഥ ഒരു കേന്ദ്രത്തിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് ലഭിച്ചതിന്റെ ഭാഗമായുള്ള നാടകമാണ് ചൊവ്വാഴ്ച നടന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ചർച്ചയിൽ ആരുടെയൊക്കെ പേര് വന്നെന്ന് പുറത്ത് പറയാനില്ല. ചർച്ചയുടെ ഉള്ളടക്കം പങ്കുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂരിൽ ഇത്തവണ ബാലൻ മത്സരിച്ചേക്കില്ലെന്നും പകരം ഭാര്യ ജമീലയെ പരിഗണിക്കുന്നെന്നുമായിരുന്നു റിപ്പോർട്ട്. മുമ്പ് ജമീലയുടെ നിയമനവുമായി ബന്ധപ്പെട്ടും വലിയ വിവാദം നിലനിന്നിരുന്നു. ആർദ്രം പദ്ധതി മാനേജ്‌മെന്റ് കൺസൾട്ടന്റായി നിയമിച്ചതാണ് വിവാദമായത്.