
പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രത്തിനും സൈലന്റ് വാലി ദേശീയോദ്യാനത്തിനും ചുറ്റുമുള്ള കൂടുതൽ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം അതേപടി നടപ്പാക്കിയാൽ കുടിയിറങ്ങേണ്ടിവരുമെന്ന ആശങ്കയിലാണ് പാലക്കാട്ടെ മലയോര ഗ്രാമങ്ങൾ. പൂർണമായും വനമേഖലയോടു ചേർന്നുള്ള ഭാഗങ്ങളല്ല കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്, നഗരസ്വഭാവമുള്ള മേഖലകളും അതിൽ ഉൾക്കൊള്ളുന്നുവെന്നതാണ് ഏറെ ഗൗരവമുള്ള വിഷയം. സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേർന്നുള്ള കള്ളമല, പാടവയൽ, പാലക്കയം, പയ്യനെടം, മണ്ണാർക്കാട്, അലനല്ലൂർ 3, കോട്ടോപ്പാടം 1, കോട്ടോപ്പാടം 3 എന്നീ വില്ലേജുകളും പറമ്പിക്കുളത്തോട് ചേർന്നുകിടക്കുന്ന 28 വില്ലേജുകളും പുതുക്കിയ കരട് വിജ്ഞാപനത്തിൽ പരിസ്ഥിതിലോല മേഖലയിലാണ് ഉൾപ്പെടുന്നത്. വിജ്ഞാപനം നിയമമാകുന്നതോടെ ഈ മേഖലകളിലെ ഭൂവിനിയോഗം, നിർമ്മാണം, വ്യവസായം, കൃഷി എന്നിവയിൽ കടുത്ത നിയന്ത്രണങ്ങളാണ് ജനങ്ങളെ കാത്തിരിക്കുന്നത്.
കാത്തിരിക്കുന്ന നിയമ കുരുക്കുകൾ
ഇക്കോ സെൻസിറ്റീവ് സോൺ (ഇ.എസ്.ഇസെഡ്) വിജ്ഞാപന പ്രകാരമുള്ള മേഖലകളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങളോ, കിണർ കുഴിക്കാനോ, വന്യജീവികളെ ആകർഷിക്കുന്ന കപ്പ, വാഴ, തെങ്ങ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാനോ പാടില്ല. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പ്രത്യേക അനുമതി ആവശ്യമായിവരും. റോഡ് നവീകരണത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും ജില്ലാ കളക്ടർ, വനംവകുപ്പ് അധികൃതർ, പരിസ്ഥിതി മേഖലയിലുള്ളവർ, പറമ്പിക്കുളം കടുവാസങ്കേതം മേധാവി, ജനപ്രതിനിധികൾ എന്നിവരുടെയെല്ലാം അനുമതിവേണം. ഇ.എസ്.ഇസെഡ് വിഭാഗത്തിൽ ഉൾപ്പെട്ടതോടെ ഗൂഡല്ലൂർ മേഖലയിൽ നിലവിൽ ആയുർവേദ മരുന്ന് നിർമ്മാണത്തിനാവശ്യമായ പച്ചിലകളും കൊമ്പുകളും വെട്ടുന്നതിന് പോലും കടുത്ത നിയന്ത്രണങ്ങളാണുള്ളത്. സമാന സാഹചര്യം തന്നെയാവും പറമ്പക്കുളത്തും നെല്ലിയാമ്പതിയിലും സൈലന്റ് വാലിയിലുമുണ്ടാകുക എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. വീട് നിർമ്മാണത്തിന് നിയന്ത്രണവിധേയമായി അനുമതി ലഭിക്കുമെങ്കിലും വീട്ടുവളപ്പിലെ മരംമുറിച്ചു നീക്കുന്നത് നിയമകുരുക്കിലേക്ക് നയിക്കുമെന്നത് തിരിച്ചടിയാണ്.
നാണ്യവിളകളുടെ ഉത്പാദന മേഖലയായ മലയോര പ്രദേശത്തെ ഭൂമിവില കുത്തനെ ഇടിയും. ജനവാസ മേഖലയിൽ പ്രത്യേക അനുമതി ഇല്ലാതെ കടമുറികൾ നിർമ്മിക്കാൻ കഴിയില്ല, പുനർ കൃഷിചെയ്യാനും നിലവിലെ കൃഷി മറ്റൊന്നായി പരിവർത്തനപ്പെടുത്താനും സാധിക്കില്ല. വന്യമൃഗങ്ങൾ മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം.
കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കണം
റവന്യൂ - പൊലീസ് നിയമങ്ങൾ നിലനിൽക്കുന്ന ജനവാസ മേഖലകളിൽ വനനിയമം നടപ്പിലാക്കുന്നത് ജനങ്ങളുടെ സാധാരണ ജീവിതത്തെ ദുരിതത്തിലാക്കും. ജനവാസ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രം പരിഗണിക്കണം. മലയോര - തോട്ടം മേഖലകളിലെ 90 ശതമാനം കുടുംബങ്ങളും കൃഷിയെയും കൃഷി അനുബന്ധ തൊഴിലിനെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. നെല്ലിയാമ്പതിയിൽ മാത്രം നാലായിരത്തോളം കുടുംബങ്ങളുണ്ട്. കടപ്പാറയിലും വടക്കഞ്ചേരിയിലും ആലത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലുമുള്ളരുടെയും അവസ്ഥ മറ്റൊന്നല്ല.
കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായാൽ ഉപജീവനമാർഗത്തിനായി മറ്റു വഴികൾ തേടേണ്ടിവരും. അത് മലയോര ജനതയുടെ കൂട്ട പാലായനത്തിനാവും വഴിതെളിക്കുക. കന്നുകാലി വളർത്തുന്നവർ മറ്റ് തൊഴിലന്വേഷിക്കേണ്ടിവരും. ഭൂമി വിറ്റ് പെൺമക്കളുടെ വിവാഹം നടത്താമെന്ന് കരുതിയവർ പ്രതിസന്ധിയിലാകും. ഭൂമി വാങ്ങാൻ ആളുണ്ടാകില്ല, വിലയും കുറയും. റബ്ബർ കൃഷി പാടെ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാകും. ഇറച്ചിക്കോഴി - പന്നി വളർത്തൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ് വരാനിരിക്കുന്നത്, അതുതന്നെയാണ് ജനങ്ങളുടെ മനസിൽ എരിഞ്ഞുകത്തുന്ന ആശങ്കയുടെ കനലിന് കാരണവും.
പറമ്പിക്കുളത്തെ 28 ഗ്രാമങ്ങൾ ആശങ്കയിൽ
വിജ്ഞാപനത്തിൽ ഉൾപ്പെട്ട മുകുന്ദപുരം താലൂക്കിലെ ഷോളയാർ പവർഹൗസ്, തവളക്കുഴിപ്പാറ, മലക്കപ്പാറ, ആനക്കയം, ചിറ്റൂർ താലൂക്കിലെ കൽച്ചാടി, കരിമ്പാറ, ചെട്ടിക്കുളമ്പ്, മരുതൻചേരി, ആലമ്പള്ളം, തെവിണി, നിരങ്ങൻപാറ, പൂവച്ചുവട്, അടിപ്പെരണ്ട, പൂഞ്ചേരി, ഒാവുപാറ, മടകൊളുമ്പ്, തെങ്ങുംപാടം, ഒലിപ്പാറ, തേക്കടി അല്ലിമൂപ്പൻ കോളനി, കച്ചിത്തോട്, ആലത്തൂർ താലൂക്കിലെ പൈതല, മംഗളഗിരി, കടപ്പാറ, തളികക്കല്ല്, പൊൻകണ്ടം, പൂതങ്കോട്, വെറ്റിലത്തോട്, കടമാമ്പുഴ എന്നീ ഭാഗങ്ങളാണ് ഇ.എസ്.ഇസെഡ് കാറ്റഗറിയിൽ ഉൾപ്പെടുന്നത്.
നിയന്ത്രണങ്ങളിൽ ഇല്ലാതാവുമോ ടൂറിസം
പുതിയ റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവ ആരംഭിക്കുന്നതിന് വിലക്കുണ്ടാകുമെന്ന് വിജ്ഞാപനത്തിൽ നിന്ന് വ്യക്തമാണ്. ഇത് നെല്ലിയാമ്പതിയുടെ ടൂറിസം സാദ്ധ്യതകളെ തകിടം മറിക്കുമെന്നതിൽ തർക്കമില്ല. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഹോം സ്റ്റേകൾ ആരംഭിക്കുന്നതിനും മലിനീകരണമില്ലാത്ത ചെറുകിട കുടിൽ വ്യവസായങ്ങൾക്കും നിയന്ത്രണങ്ങളോടെയെങ്കിലും അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രം പരിഗണിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കരുത്തുകാട്ടാനൊരുങ്ങി കർഷകർ
മലയോരമേഖലകളിൽ അതിരൂക്ഷമായി തുടരുന്ന വന്യമൃഗശല്യം, പരിസ്ഥിതി ലോലം / ബഫർ സോൺ പ്രശ്നം, നിർബന്ധിത കുടിയിറക്ക്, വനംവകുപ്പിന്റെ ഗുണ്ടായിസം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ തുടരുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് മറുപടി പറയാൻ തയ്യാറെടുക്കുകയാണ് കർഷകർ. മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിൽ വിവിധ കർഷക സംഘടനകളുടെയും സമാന മനസ്കരായ മറ്റു സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാനാർത്ഥികളെ നിറുത്തി കരുത്ത് തെളിയിക്കാനാണ് മലയോര കർഷകരുടെ ആലോചന.