m

അലനല്ലൂർ: വേനൽ കടുത്തതോടെ ജലദൗർലഭ്യത മൂലം ബുദ്ധിമുട്ടിയിരുന്ന കൊടക്കാട് മണ്ണിൽ കോളനിക്കാർക്ക് ഇരുട്ടടിയായി മോട്ടോർ പമ്പ് മോഷണവും. സമീപത്തെ ക്വാറിയിൽ നിന്നും വെള്ളം പമ്പ് ചെയ്തിരുന്ന പമ്പ് സെറ്റാണ് മോഷണം പോയത്. വേനൽ ആരംഭിക്കുന്നതോടെ കോളനിയിലെ കിണർ വറ്റും. സമീപത്തെ ജലനിധി പദ്ധതിയിൽ നിന്നാണ് കുടിവെള്ളം ലഭിക്കുന്നത്.

കോളനിയിലെ 16 വീട്ടുകാർ ചേർന്നാണ് മറ്റാവശ്യങ്ങൾക്ക് വേണ്ടി ക്വാറി ഉടമയുടെ അനുവാദത്തോടെ മോട്ടോർ പമ്പും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചത്. 40,000 രൂപ ചെലവിലാണ് പണി പൂർത്തീകരിച്ചത്. കടം വാങ്ങിയാണ് മോട്ടോറും അനുബന്ധ വസ്തുക്കളും സ്ഥാപിക്കാനുള്ള പണം നൽകിയത്. ഒരുമാസം വെള്ളം യഥേഷ്ടം ലഭിച്ചു. എന്നാൽ, ക്വാറിയിൽ സ്ഥാപിച്ച പമ്പ് കഴിഞ്ഞ ദിവസം മുതൽ കാണാതായി. പൈപ്പുകളും വൈദ്യുതി എത്തിച്ചിരുന്ന വയറും മുറിച്ചുമാറ്റിയ നിലയിലാണ്.

മോട്ടോർ കൊണ്ടുപോയവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് കോളനിക്കാരുടെ ആവശ്യം. സംഭവത്തെ തുടർന്ന് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണ സാദ്ധ്യതയില്ലെന്നും ക്വാറി നടത്തിപ്പുമായും മീൻ വളർത്തുന്നതുമായും ബന്ധപ്പെട്ട ചില പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഇതിന്രെ ഭാഗമായാണ് പമ്പ് മാറ്റപ്പെട്ടത് കരുതുന്നതായും പൊലീസ് പറഞ്ഞു. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.