ചിറ്റൂർ: വേനൽ കാഠിന്യം വർദ്ധിച്ചതോടെ വീടുകളിൽ ദാഹജലം സംഭരിക്കാനുള്ള മൺപാനകൾക്ക് ആവശ്യക്കാർ വർദ്ധിക്കുന്നു. വേനൽക്കാലത്ത് മൺപാനകളിൽ ശേഖരിച്ചു വച്ച വെള്ളം കുടിക്കാൻ പ്രത്യേക സുഖമാണ്. ഫ്രിഡ്ജുകളിൽ വച്ച് തണുപ്പിച്ച വെള്ളം കുടിക്കുമ്പോൾ പലർക്കും ജലദോഷം, തൊണ്ടവേദന പോലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എന്നാൽ മൺപാനയിലെ വെള്ളത്തിന് അത്തരം പ്രശ്നമുണ്ടാകാറില്ല. നല്ല സുഖമുള്ള തണുപ്പും ലഭിക്കുന്നു. ആരോഗ്യത്തിനും നല്ലതാണ്.
ഫ്രിഡ്ജ് സൗകര്യം ഇല്ലാത്തവർക്കും സൗകര്യപ്രദമാണ്. ഉപ്പുരസമുള്ള കുടിവെള്ളമാണെങ്കിലും മൺപാനയിൽ ശേഖരിക്കുമ്പോൾ സ്വയം ഫിൽറ്റർ ചെയ്ത് ഉപ്പുരസം മാറി കിട്ടും. അതുകൊണ്ടു തന്നെ മൺപാനകൾക്ക് ആവശ്യക്കാർ ഏറെയാണ്. അഞ്ചു ലിറ്റർ, പത്തു ലിറ്റർ, 15 ലിറ്റർ എന്നിങ്ങനെ ശേഷിയുള്ള ടാപ്പുകൾ ഘടിപ്പിച്ച മൺപാനകൾക്ക് യഥാക്രമം 250, 400, 500 എന്നിങ്ങനെയാണ് വില. തൃശൂർ, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മൺപാനകൾ എത്തിക്കുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു.