പട്ടാമ്പി: മഴക്കാലമായാൽ പ്രളയത്തിന്റെയും വേനലെത്തിയാൽ തീപിടിത്തത്തിന്റെയും ഭീതിയിലുമാണ് നിളാതീരം. പുഴയിൽ വളർന്ന പുൽക്കാടുകൾക്ക് സാമൂഹ്യ വിരുദ്ധർ തീയിടുന്നത് പതിവാകുകയാണ്. തുരുത്തുകളിൽ രണ്ടാൾപ്പൊക്കത്തിലുള്ള ഉണങ്ങിയ പുല്ലിനാണ് അജ്ഞാതർ തീയിടുന്നത്. തീപിടിത്തം പതിവാകുന്നത് മൂലം ഭീതിയിലാണ് തീരദേശത്തുള്ളവർ ഓരോ ദിവസവും തള്ളി നീക്കുന്നത്. പുഴയിലെ പുൽക്കാടുകൾ കരയിലേക്കും വ്യാപിച്ച് കിടക്കുകയാണ്. ശക്തമായ കാറ്റിൽ തീ സമീപ പറമ്പുകളിലേക്കും വീടുകളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുണ്ട്. അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിന് അഗ്നിശമന സേനയ്ക്ക് ചെന്നെത്താൻ കഴിയാത്ത ഭാഗങ്ങളും ഏറെയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് തൃത്താല അമ്പലവട്ടം ഭാഗത്ത് രൂക്ഷമായ അഗ്നിബാധയാണുണ്ടായത്. മൂന്ന് മണിക്കൂറിലേറെ പുൽത്തുരുത്തുകൾ നിന്നുകത്തി. വീടുകളിലേക്ക് തീ പടരുമെന്ന സാഹചര്യം വന്നതോടെ നാട്ടുകാർ തൃത്താല പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അഗ്നിബാധ രൂക്ഷമെന്ന് മനസിലാക്കി അഗ്നിശമന സേനയെ വിവരമറിയിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞാഴ്ച വി.കെ.കടവ് ഭാഗത്ത് സമാനരീതിയിൽ സമൂഹ്യ വിരുദ്ധർ പുൽക്കാടിന് തീയിട്ടിരുന്നു. ഓരോ പുൽക്കാടുകളും കത്തിയമരുമ്പോൾ ജീവൻ നഷ്ടമാവുന്നത് നൂറുകണക്കിന് പക്ഷികൾക്കും കുഞ്ഞുങ്ങൾക്കുമാണ്. ഇവയോടൊപ്പം ഇഴജന്തുക്കളും തവളകളും ഉൾപ്പടെ മറ്റനേകം ജന്തുക്കളും വെണ്ണീറാകുന്നു.
വേനൽച്ചൂടേറി വരുന്ന സാഹചര്യത്തിൽ പുഴ കത്തുന്നത് മേഖലയിലെ താപനില വർദ്ധിക്കാനും ഇടയാക്കുന്നു. കനത്ത പുകശല്യവുമുണ്ട്. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.